/kalakaumudi/media/media_files/2025/04/14/m5uD7mIiBQCFYC0n8UVB.jpg)
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി. ഇന്റലിജന്‍സ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയ സംഭവത്തിലാണ് കേസെടുക്കുന്നത്. ഡിജിപിയുടെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
സ്വര്‍ണ്ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്നായിരുന്നു എംആര്‍ അജിത്കുമാര്‍ വ്യാജമൊഴി നല്‍കിയിരുന്നത്.ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ വ്യാജമൊഴി നല്‍കുന്നത് ക്രിമനല്‍ കുറ്റമെന്നാണ് ഡിജിപിയുടെ കണ്ടെത്തല്‍. നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിര്‍ണായകമാണ്.
ഇത്തരത്തില്‍ ഡിജിപി തന്നെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് ശുപാര്‍ശ ചെയ്യുന്നത് അസാധാരണ സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്. പി വി അന്‍വറിന്റെ ആരോപണത്തെ തുടര്‍ന്നുള്ള ഡിജിപിയുടെ അന്വേഷണത്തിലാണ് അജിത് കുമാര്‍ വ്യാജമൊഴി നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. മൊഴി പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസ് ഇക്കാര്യം തള്ളിപ്പറയുകയായിരുന്നു.