അമൃത് ഭാരത് എക്‌സ്പ്രസ് കേരളത്തിനില്ല

പുതുതായി 26 റൂട്ടുകളിൽ അമൃത് ഭാരത് ട്രെയിനുകൾ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിന് നിരാശയാണുണ്ടായത്. തിരക്കുള്ള റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കുന്നത്.

author-image
Anagha Rajeev
New Update
Amrit_Bharat_trainset

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനുകളുടെ വൻ വിജയത്തോടെ പുതിയ ട്രെയിനുകൾ സജീവമാക്കുകയാണ് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് സ്ലീപ്പർ, നമോ ഭാരത് റാപ്പിഡ് റെയിൽ (വന്ദേ ഭാരത് മെട്രോ) ട്രെയിനുകൾ കൂടുതൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. മികച്ച യാത്രാനുഭവം നൽകുന്നതിനൊപ്പം സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിൻ 2027ൽ അല്ലെങ്കിൽ 2028ൽ പാളത്തിലെത്തുമെന്നാണ് കേന്ദ്ര സർക്കാർ സൂചിപ്പിക്കുന്നത്.

2023 - 2024 സാമ്പത്തിക വർഷത്തിൽ കൂടുതൽ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളുടെ ഒരു പുതിയ വിഭാഗമാണ് അമൃത് ഭാരത് ട്രെയിനുകൾ. നോൺ ഏസി കോച്ചുകളുള്ള ഒരു എൽഎച്ച്ബി പുഷ് പുൾ ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്.

യാത്രക്കാരുടെ എണ്ണം ഉയർന്ന തോതിലുള്ള കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു. രണ്ട് വന്ദേ ഭാരത് ട്രെയിനുകളിലും ടിക്കറ്റ് അതിവേഗം തീരുന്ന അവസ്ഥയുണ്ട്. തിരക്ക് കണക്കിലെടുത്ത് അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. മിതമായ നിരക്ക് ഈടാക്കുന്ന അമൃത് ഭാരത് ട്രെയിനുകൾ സാധാരണക്കാർക്ക് നേട്ടമാകുമെന്ന് ഉറപ്പായിരുന്നു.

പുതുതായി 26 റൂട്ടുകളിൽ അമൃത് ഭാരത് ട്രെയിനുകൾ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിന് നിരാശയാണുണ്ടായത്. തിരക്കുള്ള റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കുന്നത്. എന്നാൽ കേരളത്തിലെ ഒട്ടുമിക്ക റൂട്ടുകളും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

വടക്കേ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളും ബെംഗളൂരു, തമിഴ്നാട്ടിലെ താംബരം, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്ന് വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുമുള്ള ദീർഘദൂര ട്രെയിനുകളുമാണ് നിലവിൽ പരിഗണനയുള്ളത്. ഈ റൂട്ടുകളിലൂടെ ട്രെയിൻ ഓടുത്തുടങ്ങിയാൽ പോലും ബെംഗളൂരു, താംബരം എന്നിവടങ്ങളിൽ നിന്നുള്ള ട്രെയിനുകളാകും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കുറച്ചെങ്കിലും നേട്ടമാകുക.

നിലവിൽ രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. 22 കോച്ചുകളുള്ള ട്രെയിനിൽ 12 സ്ലീപ്പർ കോച്ചുകളും എട്ട് ജനറൽ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളുമാണുള്ളത്. ട്രെയിനിൻ്റെ ശരാശരിവേഗം മണിക്കൂറിൽ 68 മുതൽ 81 കിലോമീറ്റർ വരെയാണ്. കൂടുതൽ സർവീസുകൾക്കായി അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ നിർമാണം വർധിപ്പിക്കാൻ നാഷണൽ ട്രാൻസ്‌പോർട്ടർ റെയിൽവേ ഫാക്ടറികൾക്ക് നിർദേശം നൽകിയിരുന്നു. 2025 മാർച്ച് 31 അവസാനത്തോടെ 50 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമിക്കുകയാണ് ലക്ഷ്യം.

ചെന്നൈ ആസ്ഥാനമായുള്ള ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്), കപൂർത്തല ആസ്ഥാനമായുള്ള റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) എന്നീ സ്ഥാനപനങ്ങളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമിക്കുന്നത്. സാധാരണക്കാരുടെ യാത്ര ലക്ഷ്യമിട്ടാണ് അമൃത് ഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചതെന്ന് റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു വ്യക്തമാക്കിയിരുന്നു.

Amrit Bharat Express