/kalakaumudi/media/media_files/2025/12/23/finance-2025-12-23-13-21-03.jpg)
തിരുവനന്തപുരം: കടമെടുക്കുന്നത് കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതുകാരണം കേരളം അതിഗുരുതര സാമ്പത്തികപ്രതിസന്ധിയില്‍. 10,000 കോടിയെങ്കിലും സ്വന്തമായി കണ്ടെത്തിയാലെ കഴിഞ്ഞവര്‍ഷത്തെ നിലവാരത്തിലെങ്കിലും സാമ്പത്തികവര്‍ഷാന്ത്യ ചെലവുകള്‍ നടത്താനാവൂ. ട്രഷറിയില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടിവരും.
ജനുവരിമുതല്‍ മാര്‍ച്ചുവരെ 12,516.14 കോടിരൂപ കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന അപേക്ഷയാണ് കേരളം സമര്‍പ്പിച്ചത്. ഇതനുസരിച്ചുള്ള ചെലവാണ് ആസൂത്രണംചെയ്തത്. എന്നാല്‍, കിഫ്ബിക്കും ക്ഷേമപെന്‍ഷനുംവേണ്ടി എടുത്തും വായ്പാകണക്കില്‍പ്പെടുത്തി 5944.67 കോടി കേന്ദ്രം വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കേന്ദ്രത്തിന്റെകണക്കില്‍ മൂന്നുമാസത്തേക്ക് ഇനി കേരളത്തിന് കടമെടുക്കാവുന്നത് 5636 കോടിയാണ്.
വൈദ്യുതിമേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് പ്രോത്സാഹനമെന്നനിലയില്‍ ആഭ്യന്തരോത്പാദനത്തിന്റെ അരശതമാനം പ്രത്യേകമായി കടമെടുക്കാന്‍ അനുവദിക്കാറുണ്ട്. ഇത് 6000 കോടി വരുമെങ്കിലും മാര്‍ച്ചിലേ കിട്ടൂ. കഴിഞ്ഞവര്‍ഷം ഈ മൂന്നുമാസങ്ങളിലായി 23,000 കോടി കിട്ടിയിരുന്നു. ഈവര്‍ഷം പതിനായിരം കോടിയിലധികം കുറവ്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരിയില്‍ ശമ്പളവിതരണംപോലും മുടങ്ങാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുവര്‍ഷത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കുന്നതുപോലും സര്‍ക്കാരിന് വെല്ലുവിളിയാണ്.
കിഫ്ബിക്കും ക്ഷേമപെന്‍ഷന്‍ കമ്പനിക്കും എടുക്കുന്ന വായ്പകളെല്ലാം ബജറ്റിനുപുറത്തുള്ള വായ്പകളെന്നാണ് സിഎജിയുടെയും കേന്ദ്രത്തിന്റെയും നിലപാട്. ഇതിനെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഭരണഘടനാബെഞ്ചിന് വിട്ടെങ്കിലും തുടര്‍നടപടികളായിട്ടില്ല. കിഫ്ബിക്കും ക്ഷേമപെന്‍ഷനും എടുത്ത വായ്പയില്‍ പ്രതിവര്‍ഷം 4700 കോടിരൂപ വായ്പാപരിധിയില്‍ കുറയ്ക്കുന്നുണ്ട്. അതിനുപുറമേയാണ് ഇത്തവണത്തെ കുറവ്.
ബജറ്റിനുപുറത്തുള്ള വായ്പയെ സംബന്ധിച്ച് കേരളത്തിന്റെ കണക്കില്‍ അവ്യക്തതയുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ 2023-24-ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാണിച്ചതനുസരിച്ചുള്ള തുക സാമ്പത്തികവര്‍ഷാവസാനം ഒറ്റയടിക്ക് കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്.
എന്തൊക്കെ വിശദീകരണംനല്‍കിയാലും പുതിയകാരണങ്ങള്‍ കണ്ടെത്തി കടം കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് സംസ്ഥാനം ആരോപിക്കുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെ സമീപിക്കാനൊരുങ്ങുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
