എംഎസ്എംഇകൾക്ക് യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വായ്പ ലഭിക്കുന്നതിന്, കമ്പനിയുടെ മുഖ്യ പ്രൊമോട്ടറുടെ സിബിൽ സ്കോർ 700ന് മുകളിലും എംഎസ്എംഇയുടെ CIBIL റേറ്റിംഗ് 1 മുതൽ 5 വരെയും ആയിരിക്കണം

author-image
Devina
New Update
kfc


തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ(MSME)ക്ക് പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി "കെഎഫ്സി മെഷിനറി വായ്പാപദ്ധതി" (KFC Machinery Loan Scheme for MSMEs) യുമായി കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ(KFC). നല്ല പ്രകടനം കാഴ്ചവെയ്ക്കുന്ന എംഎസ്എംഇകളെ വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും കൂടുതൽ മത്സരക്ഷമത നേടാനും സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വായ്പയ്ക്കായി ഈട് നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സർക്കാരിൻ്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് (CGTMSE) വഴിയാണ് ഈ വായ്പ ഈടില്ലാതെ നൽകുന്നത്. ഈ പദ്ധതിയിലൂടെ ഒരു എംഎസ്എംഇക്ക് 5 കോടി രൂപ വരെ വായ്പ ലഭിക്കും. യന്ത്രസാമഗ്രികൾ വാങ്ങുന്ന ചെലവിന്റെ 80 ശതമാനം വരെയുള്ള തുക വായ്പയായി ലഭിക്കും. ഒരുവർഷം മോറട്ടോറിയം ഉൾപ്പടെ ഏഴ് വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. മുഖ്യമന്ത്രിയുടെ സംരഭകത്വവികസന പദ്ധതി(CMEDP)യുടെ ആനുകൂല്യത്തിനർഹതയുള്ള യൂണിറ്റുകൾക്ക് 5 ശതമാനം മുതലുള്ള കുറഞ്ഞ വായ്പാനിരക്കിൽ വായ്പ ലഭിക്കും. വായ്പ ലഭിക്കുന്നതിന്, കമ്പനിയുടെ മുഖ്യ പ്രൊമോട്ടറുടെ സിബിൽ സ്കോർ 700ന് മുകളിലും എംഎസ്എംഇയുടെ CIBIL റേറ്റിംഗ് 1 മുതൽ 5 വരെയും ആയിരിക്കണം. ഉപകരണങ്ങൾ വിശ്വാസ്യതയുള്ള വിതരണക്കാരിൽ നിന്ന് വാങ്ങണമെന്ന് നിബന്ധനയുണ്ട്. വായ്പാ തുക കെഎഫ്സി നേരിട്ട് വിതരണക്കാർക്കാണ് നൽകുക.ഈട് നൽകാൻ ബുദ്ധിമുട്ടുള്ള സംരംഭകർക്ക് അവരുടെ യൂണിറ്റുകൾ നവീകരിക്കുന്നതിനും അതുവഴി ബിസിനസ് വളർത്തുന്നതിനും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പദ്ധതിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. പുതിയ യന്ത്രസാമഗ്രികളിൽ നിക്ഷേപം നടത്തുന്നതിലൂടെ, കേരളത്തിന്റെ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താനും സംസ്ഥാനത്തെ വ്യാവസായികവളർച്ചയെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഈ പദ്ധതി വഴി സാങ്കേതികവിദ്യ നവീകരിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സാധിക്കുമെന്ന് കെഎഫ്സിയുടെ മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻഎസ്കെ ഐഎഎസ് പറഞ്ഞു. കേരളത്തിന്റെ വ്യവസായമേഖലയിൽ നവീകരണം, മത്സരക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എംഎസ്എംഇ-ഉദ്യം, ജിഎസ്ടി എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും തുടർച്ചയായി കുറഞ്ഞത് മൂന്നുവർഷം പ്രവർത്തിച്ചിട്ടുള്ളതും കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിലും ലാഭം നേടുകയും പോസിറ്റീവ് നെറ്റ് വർത്ത് നിലനിർത്തുകയും ചെയ്തിട്ടുള്ള യൂണിറ്റുകൾക്കാണ് വായ്പയ്ക്ക് അപേക്ഷിക്കുവാൻ കഴിയുക. പഴയതോ, ഉപയോഗിച്ചതോ, ഫാബ്രിക്കേറ്റ് ചെയ്തതോ ആയ യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് ഈ പദ്ധതിവഴി വായ്പ ലഭിക്കില്ല.