/kalakaumudi/media/media_files/2025/02/14/T6a4CqJecMMZI0p5qjvq.jpg)
Rep. Img.
പാലക്കാട്: കേന്ദ്രവിഹിതവും കൂടി ലഭിക്കാതായതോടെ പണം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ വഴികളോരോന്നായി പരീക്ഷിക്കുകയാണ്. അതിലൊന്നാണ് കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള തീരുമാനം. പ്രതിഷേധങ്ങള്‍ക്കിടയിലും അതിന്റെ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നുമാണ് സൂചന.
എന്നാല്‍ അതുകൊണ്ടുമാത്രം കാര്യമില്ലാത്തതുകൊണ്ട് മണല്‍ വാരിയും പണം കണ്ടെത്താനുള്ള ശ്രമക്കിലാണ് സര്‍ക്കാര്‍. അതിനായി ഭാരതപ്പുഴയില്‍ നിന്ന് വന്‍തോതില്‍ മണല്‍ ഖനനം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
നിളയില്‍ നിര്‍മാണം പുരോഗമിക്കുന്ന കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിജിന്റെ ഇരുവശത്തുനിന്നുമാണ് ആദ്യം മണല്‍ ഖനനം ചെയ്ത് വില്‍പന നടത്തുക. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
റഗുലേറ്റര്‍ പ്രദേശത്തെ 2 കിലോമീറ്റര്‍ ചുറ്റളവിലെ മണല്‍ ശേഖരം 24 മാസംകൊണ്ട് ഖനനം ചെയ്ത് വില്‍പന നടത്താനാണ് ടെന്‍ഡര്‍. കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിജിന്റെ ഇരുവശത്തു നിന്നുമായി 250 യികോടിലേറെ രൂപയുടെ മണല്‍ വാരാനാണു നീക്കം.
ഖനനം ചെയ്ത മണല്‍ വില്‍പന നടത്തി പണം കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിലേക്ക് അടയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ കാലങ്ങളിലെ പ്രളയങ്ങളില്‍ ഭാരതപ്പുഴയില്‍ അടിഞ്ഞുകൂടിയ വന്‍ മണല്‍ സമ്പത്ത് ഖനനം ചെയ്ത് വില്‍പന നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കാങ്കക്കടവ് റഗുലേറ്റര്‍ കം ബ്രിജ് പ്രദേശത്തെ മണല്‍വാരല്‍. 3 മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്ത് മണലെടുക്കാനാണ് അനുമതി.
റഗുലേറ്റര്‍ കം ബ്രിജിന്റെ വെള്ളം സംഭരിക്കുന്ന ഭാഗത്തുനിന്നും വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തുനിന്നും മണല്‍ ഖനനം ചെയ്യും. വലിയ ഡ്രജറുകളും എസ്‌കവേറ്ററുകളും ഉപയാഗിച്ചായിരിക്കും മണല്‍വാരല്‍. 24 മാസം കൊണ്ട് നിശ്ചിത പ്രദേശത്തെ മണല്‍ ഖനനം ചെയ്യണമെന്നാണ് ടെന്‍ഡറിലെ നിര്‍ദേശം.
ഈ ഭാഗത്തെ ഖനനം ആരംഭിച്ച ശേഷമായിരിക്കും ഭാരതപ്പുഴയിലെ മറ്റു ഭാഗങ്ങളിലെ മണലെടുപ്പിനു പദ്ധതി തയാറാക്കുക. ഹരിത ട്രൈബ്യൂണലിന്റെ വിലക്കിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതപ്പുഴയിലെ മണലെടുപ്പ് നിര്‍ത്തിവച്ചിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് പഞ്ചായത്തുകളിലെ മണല്‍കടവുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
എന്നാല്‍ ഭാരതപ്പുഴയില്‍ 2 കിലോമീറ്ററോളം പ്രദേശത്ത് 3 മീറ്റര്‍ താഴ്ചയില്‍ മണല്‍ വാരാനുള്ള പദ്ധതി തയാറാക്കിയത് പാരിസ്ഥിതാഘാത പഠനം നടത്താതെയെന്ന് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭാരതപ്പുഴയില്‍ നിന്നുള്ള മണലെടുപ്പ് ചെന്നൈ ഹരിത ട്രൈബ്യൂണല്‍ തടഞ്ഞത്. ട്രൈബ്യൂണലിന്റെ ഉത്തരിവിനു മുന്‍പ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കടവുകളില്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍ വാരിയിരുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് ലോറികള്‍ക്കും മണ്ണുമാന്തിയന്ത്രങ്ങള്‍ക്കും പുഴയില്‍ ഇറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. മണലെടുക്കാന്‍ പുഴയില്‍ ഇറങ്ങിയിരുന്ന ലോറികള്‍ അടക്കം അന്ന് പിടികൂടിയിരുന്നു.