/kalakaumudi/media/media_files/2025/09/01/media-2025-09-01-16-07-21.jpg)
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍. ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തില്‍ 158 കോടി രൂപ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കാനുണ്ടെന്ന് വിതരണക്കാര്‍ പറയുന്നു. മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക കൊടുത്ത് തീര്‍ക്കാതെ ഉപകരണം വിതരണം ചെയ്യില്ലെന്ന് വിതരണക്കാരുടെ അസോസിയേഷന്‍ അറിയിച്ചു.
സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണമാണ് നിലവില്‍ നിര്‍ത്തി വച്ചിരിക്കുന്നത്. ഇതോടെ, നിലവിലുള്ള സ്റ്റോക്ക് ഉപകരണങ്ങള്‍ കഴിഞ്ഞാല്‍ ആശുപത്രികള്‍ പ്രതിസന്ധിയിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍, ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇവിടെ നിന്ന് 34 കോടി രൂപ വിതരണക്കാര്‍ക്ക് ലഭിക്കാനുണ്ട്.
ഒരു മാസം മുമ്പ് വിതരണക്കാരുടെ അസോസിയേഷന്‍ സമാനമായ ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ 30 ദിവസംകൂടി കഴിഞ്ഞ് ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കുമെന്ന് അന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്, സര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ വിഷയം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഉറപ്പു പാലിക്കാതെ വന്നതോടെയാണ് നിലവില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.