പുതുവത്സര സമ്മാനം; നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നത്.

author-image
Biju
New Update
pina

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്‌സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവില്‍ പത്തോ അതിലധികമോ വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്നവരെയുമാണു സ്ഥിരപ്പെടുത്തുക. ലൈബ്രേറിയന്‍, നഴ്‌സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പാര്‍ട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍


കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ തസ്തിക

കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍  12 സയന്റിഫിക് ഓഫിസര്‍ തസ്തികകള്‍ സൃഷ്ടിക്കും. ബയോളജി വിഭാഗത്തില്‍ - 3,  കെമിസ്ട്രി വിഭാഗത്തില്‍ - 4, ഡോക്യുമെന്റസ് വിഭാഗത്തില്‍ - 5  എന്നിങ്ങനെയാണ് തസ്തികകള്‍.

തലശ്ശേരിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അധിക ബെഞ്ച്;  22 തസ്തികകള്‍

തലശ്ശേരി കോടതി സമുച്ചയത്തിന്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷനല്‍ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിന്റെ  താഴത്തെ നില കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കി. ഇതിനായി 22 തസ്തികകളില്‍ 16 തസ്തികകള്‍ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകള്‍ പുനര്‍വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിന്റെ സിവില്‍/ഇലക്ട്രിക് ജോലികള്‍ക്കായി 87,30,000 രൂപയും ഓഫിസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.

വിരമിക്കല്‍ പ്രായം ഏകീകരിച്ചു

2 തരത്തിലുള്ള വിരമിക്കല്‍ പ്രായം നിലനില്‍ക്കുന്ന കേരളേ അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി ഏകീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തി.

പ്രത്യേക നഷ്ടപരിഹാര പാക്കേജ്

ഉഡുപ്പി-കരിന്തളം (കാസര്‍ഗോഡ്) 400 കെ.വി. അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയുടെ നിര്‍മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായും സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഉഡുപ്പി കാസര്‍കോട് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് വഹിക്കണം എന്ന വ്യവസ്ഥയിലാണിത്.

നിയമനം

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി സി.പി.മനോജ് കുമാറിനെ നിയമിക്കും.

ശമ്പളകുടിശ്ശിക അനുവദിക്കും

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. 2024 ഏപ്രില്‍, മേയ് മാസത്തെ ശമ്പളകുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായി 2025-26 സാമ്പത്തികവര്‍ഷത്തില്‍ കാസര്‍കോട് വികസന പാക്കേജില്‍ നിന്നുമാണ് അനുവദിക്കുക.

തുക അനുവദിക്കും
കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിന്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കി.