kerala govt announed 10 lakh financial assistance for joys mother
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട ശുചീകരണ തൊഴിലാളി ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.അതെസമയം റെയിൽവെയും ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശനിയാഴ്ച്ച ഒഴുക്കിൽപ്പെട്ട ശുചീകരണ തൊഴിലാളി നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.ജോയിയെ കാണാതായ സ്ഥലത്തു നിന്ന് ഒരു കിലോമീറ്ററിനപ്പുറം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ മാലിന്യങ്ങൾക്കിടയിൽ തങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
റെയിൽവേ സ്റ്റേഷന് അടിയിലൂടെ വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണിത്. റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകി മാലിന്യക്കൂമ്പാരത്തിൽ തടഞ്ഞ് നിൽക്കുകയായിരുന്നു മൃതദേഹം. ബൈക്ക് യാത്രികരായ യുവാവും കുട്ടിയുമാണ് തിങ്കളാഴ്ച രാവിലെ എട്ടോടെ മൃതദേഹം ആദ്യം കണ്ടത്.
മാലിന്യം നീക്കാനായി ജോയി ആമയിഴഞ്ചാൻ തോട്ടിൽ ഇറങ്ങി ഒഴുക്കിൽപെട്ടത്. രണ്ടു ദിവസമായി അഗ്നി രക്ഷാസേന, സ്കൂബ ഡൈവിങ് ടീം, എൻ.ഡി.ആർ.എഫ്, നാവികസേന തുടങ്ങി വിവിധ സംഘങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.റെയിൽപാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ അതിസാഹസികമായാണ് തിരച്ചിൽ നടത്തിയത്. മാലിന്യം നീക്കാൻ റോബോട്ടിൻറെ സഹായവും ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം.