big boss malayalam season 6
കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തിൽ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി.വിഷയം അടിയന്തിരമായി പരിശോധിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ.
നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്‌നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മോഹൻലാലിനും ഡിസ്‌നി സ്റ്റാറിനും എൻഡമോൾ ഷൈനിനും നോട്ടീസ് നൽകി. ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.ബിഗ് ബോസ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരടക്കം ഇതിനുമുമ്പ് രംഗത്തുവന്നിരുന്നു.നിയമവിരുദ്ധവും ശാരീരിക ഉപദ്രവവുമടക്കം ചൂണ്ടികാട്ടിയാണ് പലരുടേയും വിമർശനം.