/kalakaumudi/media/media_files/2025/07/26/pemari-2025-07-26-20-18-30.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ഇടുക്കി ഉടുമ്പന്‍ചോലയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. കണ്ണൂരില്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്. പലയിടത്തും വ്യാപക നാശനഷ്ടം, മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
ജാര്‍ഖണ്ഡിലെ തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഗുജറാത്ത് മുതല്‍ വടക്കന്‍ കേരളം വരെ ന്യൂനമര്‍ദ പാത്തി ഉണ്ടായതിനാല്‍ കേരള തീരത്ത് കാലവര്‍ഷ കാറ്റ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗം പ്രാപിച്ചു. കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്കും 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കെംദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
തൃശൂരില്‍ കനത്ത മഴ തുടരുകയാണ്. ഇരിങ്ങാലക്കുടയില്‍ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായി. പടിയൂരില്‍ മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം. വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് പറന്നുപോയി. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്നാണ് സൂചന. രണ്ടാം ഘട്ടമായി ഉയര്‍ത്തുക നാളെ രാവിലെ മുതല്‍. നാല് ഷട്ടറും നിലവില്‍ 8 ഇഞ്ച് ഉയര്‍ത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ. ശക്തമായ മഴ രാത്രിയിലും തുടരുമെന്ന സാഹചര്യം നിലവിലുള്ളതിനാല്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചിരിക്കുകയാണ്. പൂയംകുട്ടി, മണികണ്ഠന്‍ ചാല്‍, ചപ്പാത്ത് മുങ്ങി. കൊച്ചിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പെരിയാറില്‍ നീരൊഴുക്ക് കൂടി. ഭൂതത്താന്‍കെട്ട് ബാറെജില്‍ ഷട്ടറുകള്‍ ഉയര്‍ത്തും. കുമ്പളം മേഖലയിലുണ്ടായ ശക്തമായ കാറ്റില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. കുമ്പളം നോര്‍ത്ത് വടക്കേച്ചിറ പ്രഭാസന്റെ വീടിനു മരം വീണ് കേടുപാടുകള്‍ പറ്റി.
സെന്റ് ജോസഫ്‌സ് കോണ്‍വെന്റിനു സമീപം കണ്ണാട്ട് ആന്റണിയുടെ വീട്ടിലേക്ക് ആഞ്ഞിലി കടപുഴകി വീണ് വൈദ്യുതിക്കമ്പികള്‍ പൊട്ടി. ആളപായമില്ല. കുമ്പളം പതിമൂന്നാം വാര്‍ഡില്‍ ചേഞ്ചേരില്‍ കടവില്‍ സ്വകാര്യ വ്യക്തിയുടെ മതിലിഞ്ഞ് ഇടപ്പള്ളി പറമ്പില്‍ ദാസന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ വഞ്ചി തകര്‍ന്നു. വൈപ്പിന്‍, പറവൂര്‍ മേഖലകളിലും മഴ ശക്തമായി തുടരുന്നുണ്ട്. തുടര്‍ച്ചയായി ശക്തമായ മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതാണ് സ്ഥിതി.
ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. മരം കടപുഴകി വീണതിനു പിന്നാലെ നേര്യമംഗലം അടിമാലി റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. ആലപ്പുഴ ആറാട്ടുപുഴയില്‍ കടലാക്രമണം രൂക്ഷം. മുപ്പതോളം വീടുകള്‍ ഭീഷണിയിലാണെന്നാണ് വിവരം. അടിമാലി ഇരുമ്പുപാലം ഭാഗത്ത് മഴ കനക്കുന്നു. വാളറ കുളമാം കുഴി ചപ്പാത്തില്‍ വെള്ളം കയറി. മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. തമിഴ്‌നാട് തേവാരം സ്വദേശി ലീലാവതിയുമാണ് മരിച്ചത്. തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്.
പാലക്കാട് ശക്തമായ കാറ്റും മഴയും. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ നാശനഷ്ടം. ശക്തമായ കാറ്റില്‍ വീടുകള്‍ക്ക് മുകളില്‍ മരം വീണു. നെല്ലിയാമ്പതി ലില്ലി മേഖലയില്‍ വെള്ളക്കെട്ട്. ചുള്ളിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തി. ഗായത്രിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്. മണല്‍ത്തിട്ടയില്‍ ഇടിച്ച് ബോട്ട് മറിയുകയായിരുന്നു.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നല്‍ച്ചുഴലിയുണ്ടായി. പ്രദേശത്ത് കനത്ത കൃഷിനാശമുണ്ടായി. കല്ലാച്ചി ചീറോത്തുമുക്ക്, പൈപ്പ് റോഡ് ഭാഗങ്ങളില്‍ പുലര്‍ച്ചെ വീശിയ കാറ്റില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും മേല്‍ മരങ്ങള്‍ വീണു. കല്ലാച്ചി തര്ബിയ മദ്രസയുടെ മേല്‍ക്കൂര പറന്നുപോയി. പുലര്‍ച്ചെ ആഞ്ഞുവീശിയ കാറ്റില്‍ താമരശ്ശേരി കാരാടി ഭാഗത്ത് പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. കനത്ത കാറ്റില്‍ വീടുകള്‍ക്കു നാശനഷ്ടമുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
26/07/2025: പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
26/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/07/2025: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
28/07/2025: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
29/07/2025: കണ്ണൂര്‍, കാസറഗോഡ്
30/07/2025: കണ്ണൂര്‍, കാസറഗോഡ്