/kalakaumudi/media/media_files/2025/07/18/rain-2025-07-18-15-50-37.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും മഴ ശക്തമായി തുടരും. മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തിനെ ബാധിച്ചു. മട്ടാഞ്ചേരിയില്‍ മാത്രം ഒരുമണിക്കൂറില്‍ 52 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുള ജില്ലകളില്‍ ഞായറാഴ്ച കനത്തമഴ രേഖപ്പെടുത്തി.
മത്സ്യബന്ധനത്തിന് വിലക്ക്
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ ചൊവ്വാഴ്ച വരെ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഗതാഗത നിയന്ത്രണം
ഇടുക്കി ജില്ലയില്‍ അടിമാലി മൂന്നാര്‍ റൂട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍അതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയിട്ടുള്ളതാണ്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിക്കും. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്ന്റിയിപ്പ് നല്‍കി. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്.
പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
