/kalakaumudi/media/media_files/2025/08/27/udayakumaar-2025-08-27-11-11-23.jpg)
കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്.
മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബര്‍ 27ന് പകല്‍ രണ്ടിനാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസുപോലും ചാര്‍ജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്നാണ് ഉദയകുമാറിനുമേല്‍ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് ജിഐ പൈപ്പുകൊണ്ട് തുടയില്‍ മാരകമായി അടിച്ചു. രാത്രി എട്ടുമണിയോടെ ഉദയകുമാര്‍ മരിച്ചു.
തുടര്‍ന്ന് എസ്.ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. കൈകള്‍ കെട്ടാന്‍ ഉപയോഗിച്ച തോര്‍ത്തും അടിച്ച ചൂരലും മാറ്റി. എ.സി.പി ടി.കെ ഹരിദാസും ഗൂഢാലോചനയില്‍ പങ്കാളിയായി. ഇതിനുശേഷം എ.എസ്.ഐ രവീന്ദ്രന്‍നായരും ഹെഡ്‌കോണ്‍സ്റ്റബിള്‍ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്.ഐ.ആര്‍ ഉണ്ടാക്കി. പ്രതികള്‍ തയ്യാറാക്കിയ കരട് എഫ്.ഐ.ആര്‍ രവീന്ദ്രനായര്‍ക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാര്‍ജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റര്‍ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാര്‍ഡും തയ്യാറാക്കി.
തുടര്‍ന്ന് രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ തങ്കമണി, എന്‍ രാമചന്ദ്രന്‍, ഷീജാകുമാരി, സജിത എന്നിവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനില്‍ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി. ആശുപത്രിയിലെത്തിക്കുമ്പോള്‍ പറഞ്ഞത് വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്നതുകണ്ടു എന്നാണ്. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിലാണ് മര്‍ദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായത്.
നാള്‍വഴികള്‍
2005 സെപ്തംബര്‍ 27
ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെടുന്നു
2005 സെപ്തംബര്‍ 30
ഉരുട്ടിക്കൊലയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
2005 ഒക്ടോബര്‍ 3
പ്രതികളായ രണ്ട് പൊലീസുകാര്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീകുമാറും വഴുതക്കാട് സ്വദേശി ജിതകുമാറും കീഴടങ്ങി
2005 ഒക്ടോബര്‍ 5
ഉരുട്ടിക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
2005 ഒക്ടോബര്‍ 10
പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍
2006 ഫെബ്രുവരി 13
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി 300 പേജുള്ള കുറ്റപത്രം നല്‍കി
2007 ജൂലൈ 2
പ്രധാന സാക്ഷി സുരേഷ് കുമാര്‍ അറസ്റ്റില്‍
2007 ഒക്ടോബര്‍ 17
സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി
2009 ഒക്ടോബര്‍ 20
തിരുവല്ലം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി വിജയകുമാര്‍, കോണ്‍സ്റ്റബിള്‍ അനില്‍കുമാര്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
2014 മെയ് 12
എസ്.പി ടി.കെ ഹരിദാസിനെ ഏഴാംപ്രതിയാക്കി സി.ബി.ഐയുടെ കുറ്റപത്രം
2014 ജൂണ്‍ 27
ഉരുട്ടിക്കൊലക്കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
2016 മാര്‍ച്ച് 31
വിചാരണ വേഗത്തിലാക്കാന്‍ കോടതി ഉത്തരവ്, ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി.
2017 ജൂണ്‍ 22
പ്രധാന സാക്ഷിയുടെ നിസ്സഹകരണത്തെതുടര്‍ന്ന് വിചാരണ മുടങ്ങി
2017 ജൂണ്‍ 23
മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂറുമാറി
2017 ജൂണ്‍ 29
മാപ്പുസാക്ഷി കൂറുമാറി
2017 ആഗസ്ത് 16
തുടര്‍ വിചാരണ
2017 നവംബര്‍ 17
മാപ്പുസാക്ഷി ഹീരാലാലിന്റെ രഹസ്യമൊഴി കാണാനില്ലെന്ന് സി.ബി.ഐ കോടതി കണ്ടെത്തി
ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാര്‍
2018 ജനുവരി 10
വിചാരണയ്ക്കിടെ സാക്ഷികളുടെ കൂറുമാറ്റം, അഞ്ച് സാക്ഷികളെ വിസ്തരിക്കുന്നതില്‍നിന്ന് സി.ബി.ഐ പിന്മാറി
2018 ഫെബ്രുവരി 20
മൂന്ന് മജിസ്ട്രേട്ടുമാരെ വിസ്തരിച്ചു
2018 മാര്‍ച്ച് 22
വിചാരണയ്ക്ക് എത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ വിമര്‍ശം
2018 ഏപ്രില്‍ 25
സാക്ഷിവിസ്താരം പൂര്‍ത്തിയായി
2018 മാര്‍ച്ച് 10
മൂന്നാം പ്രതിയായ പൊലീസുകാരന്‍ കിളിമാനൂര്‍ സ്വദേശി സോമന്‍ (56) മരിച്ചു
2018 ജൂലൈ 20
തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ വാദം പൂര്‍ത്തിയായി
ഉരുട്ടിക്കൊല കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ
2018 ജൂലൈ 24
അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി
2018 ജൂലൈ 25
രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നും രണ്ടും പ്രതികളായ മലയിന്‍കീഴ് കമലാലയത്തില്‍ ഡി.സി.ആര്‍.ബി എ.എസ്.ഐ കെ. ജിതകുമാര്‍, നെയ്യാറ്റിന്‍കര സ്വദേശിയും നാര്‍ക്കോട്ടിക് സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇവര്‍ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.
2025 സെപ്റ്റംബര്‍ 27
സിബഐ അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു.