ഓടുന്ന വലിയ വാഹനങ്ങളുടെ ഡ്രൈവര്‍ കാബിനില്‍ ഇനി വീഡിയോ പിടുത്തം നടക്കില്ല; ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി

author-image
Biju
New Update
driver

കൊച്ചി: ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് ബസുകളിലും ഹെവി വാഹനങ്ങളിലുമടക്കം ഡ്രൈവര്‍ കാബിനില്‍ വ്ലോഗര്‍മാര്‍ വീഡിയോ ചിത്രീകരിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോടും ഗതാഗത കമ്മിഷണറോടും നിര്‍ദേശിച്ചു.

വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഓടുന്ന വാഹനങ്ങളിലെ വീഡിയോ ചിത്രീകരണം വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണെന്ന് കോടതി പറഞ്ഞു.

കോണ്‍ട്രാക്ട്/സ്റ്റേജ് കാര്യേജ് വാഹനങ്ങളും മറ്റും പൊതുസ്ഥലങ്ങളില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് പ്രമോഷണല്‍ വീഡിയോ ചിത്രീകരിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ കാണുന്നുണ്ട്. നിയമവും കോടതിയുടെ ഉത്തരവുകളും ലംഘിച്ചാണ് ഇതൊക്കെ നടക്കുന്നത്.

ഡിജെ/ലേസര്‍ ലൈറ്റുകളും ഹൈപവര്‍ മ്യൂസിക് സിസ്റ്റവുമൊക്കെ വാഹനങ്ങളിലുണ്ട്. ഇതിനായി ഒന്നിലധികം ബാറ്ററികളും ഇന്‍വെര്‍ട്ടറുകളും വരെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നു. ഇതു സംബന്ധിച്ചും വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.