കൊച്ചി: ക്ലബ്ബുകള്‍, അസോസിയേഷനുകള്‍ തുടങ്ങിയവ തങ്ങളുടെ അംഗങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ക്കു ജിഎസ്ടി ബാധകമാക്കിയ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി.
അംഗങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കു ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരള ഘടകം നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, എസ്.ഈശ്വരന്‍ എന്നിവരുടെ നിര്‍ണായക വിധി.
നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്നു വ്യക്തമാക്കിയതോടെ മുന്‍കാല പ്രാബല്യത്തോടെ നികുതി ഏര്‍പ്പെടുത്തിയതും ഒഴിവായി. 2021ല്‍ പാര്‍ലമെന്റും പിന്നീട് സംസ്ഥാന നിയമസഭകളും പാസാക്കിയ ഭേദഗതിയാണു ഭരണഘടന അനുശാസിക്കുന്ന വിധത്തിലല്ല എന്ന് ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്.
അംഗങ്ങള്‍ക്കു നല്‍കുന്ന സേവനത്തിനു പുതിയ നിയമഭേദഗതിയോടെ 50 കോടി രൂപ മുന്‍കാല പ്രാബല്യത്തില്‍ ജിഎസ്ടി അടയ്ക്കണമെന്ന ഉത്തരവ് വന്നതോടെയാണ് ഐഎംഎ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിക്കുന്നത്.
'പ്രിന്‍സിപ്പല്‍ ഓഫ് മ്യൂച്ചാലിറ്റി' അനുസരിച്ച് ക്ലബ് അംഗങ്ങള്‍ക്കു നല്‍കുന്ന സേവനത്തിനു പ്രത്യേക നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പാര്‍ലമെന്റ് പുതിയ ഭേദഗതി പാസാക്കിയ സാഹചര്യത്തില്‍ ഇത് പാലിച്ചേ മതിയാകൂ. അതുകൊണ്ടു ഭേദഗതി ഭരണഘടനാവിരുദ്ധമെന്നു പറയാന്‍ കഴിയില്ലെ. അതേസമയം മുന്‍കാല പ്രാബല്യത്തോടെ ജിഎസ്ടി നല്‍കാന്‍ പറയുന്നത് അനുചിതമായതിനാല്‍ ഭേദഗതിയുടെ വിജ്ഞാപനം പുറത്തു വന്ന 2022 മുതല്‍ നല്‍കിയാല്‍ മതിയെന്നുമായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ ഐഎംഎ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. മുന്‍കാല പ്രാബല്യം റദ്ദാക്കിയതിനെതിരെ കേന്ദ്ര ജിഎസ്ടി വകുപ്പും സംസ്ഥാന ജിഎസ്ടി വകുപ്പും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.
ക്ലബ്, അസോസിയേഷന്‍ തുടങ്ങിയവയും അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ജിഎസ്ടി ഏര്‍പ്പെടുത്തുന്ന തരത്തില്‍ 2021ലെ ധനനയം ഭേദഗതി ചെയ്ത് സെക്ഷന്‍ 7(1) (എഎ) നിയമത്തില്‍ ഭേദഗതിയായി ഉള്‍പ്പെടുത്തിയത് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല എന്ന ഐഎംഎ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഐഎംഎയും അതിന്റെ അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ജിഎസ്ടി ഇല്ല.
അംഗങ്ങളില്‍നിന്ന് ജിഎസ്ടി ഈടാക്കാനും കഴിയില്ല. ഐഎംഎയും അതിന്റെ അംഗങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ 'പ്രിന്‍സിപ്പല്‍ ഓഫ് മ്യൂച്ചാലിറ്റി'യുടെ അടിസ്ഥാനത്തിലുള്ളതാണ്. അതു ചരക്കു വാങ്ങുന്നതിന്റെയോ വില്‍ക്കുന്നതിന്റെയോ പരിധിയില്‍ വരില്ലെന്നും ഐഎംഎ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. നിയമഭേദഗതി വന്നിട്ടും 'മ്യൂച്ചാലിറ്റി' ഇല്ലാതായിട്ടില്ലെന്ന് സുപ്രീം കോടതി കല്‍ക്കട്ട ക്ലബ് വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, ജിഎസ്ടിയില്‍ 'സര്‍വീസ്', 'സേവനം' തുടങ്ങിയവയ്ക്ക് കൃത്യമായ അര്‍ഥം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതില്‍ ഭേദഗതി വരുത്തി മറ്റ് വ്യാഖ്യാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ഐഎംഎ തങ്ങളുടെ പ്രായമായ അംഗങ്ങള്‍ക്കു ധനസഹായം, ചികിത്സാ സഹായം തുടങ്ങിയവ ഉറപ്പാക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക, രക്തപരിശോധനാ ക്യാംപ് പോലുള്ളവ സംഘടിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം ജിഎസ്ടി നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ല എന്നായിരുന്നു ഐഎംഎയുടെ വാദം. മുന്‍കാല പ്രാബല്യത്തോടെ നികുതി ഏര്‍പ്പെടുത്തിയതിനു യാതൊരു ന്യായീകരണവും തങ്ങള്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.