കൊച്ചി: മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവിറക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്ക്. പറവൂര്‍ സബ് കോടതിയില്‍നിന്നു കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോര്‍ഡിന്റെ ആവശ്യം ട്രൈബ്യൂണല്‍ തള്ളിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
അതേസമയം, വഖഫ് ട്രൈബ്യൂണലില്‍ വാദം തുടരുന്നതിന് തടസമില്ലെന്ന് ജസ്റ്റിസുമാരായ അമിത് റാവല്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയില്‍ ഫാറൂഖ് കോളജ് മാനേജ്മെന്റിന് നോട്ടിസ് അയച്ച കോടതി, കേസ് വീണ്ടും മേയ് 26ന് പരിഗണിക്കാന്‍ മാറ്റി.
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന് 1969ല്‍ ഫാറൂഖ് കോളജ് പറവൂര്‍ സബ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നുവെന്നും ഈ രേഖകള്‍ വിളിച്ചു വരുത്തണമെന്നുമായിരുന്നു ട്രൈബ്യൂണല്‍ മുന്‍പാകെ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നത്.
എന്നാല്‍ രേഖകള്‍ക്കായി ട്രൈബ്യൂണല്‍ ഇടപെടിലെന്നും വഖഫ് ബോര്‍ഡിന് പറവൂര്‍ കോടതിയില്‍നിന്നു സര്‍ട്ടിഫൈഡ് കോപ്പികള്‍ വാങ്ങാമെന്നും ജസ്റ്റിസ് രാജന്‍ തട്ടില്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019ലെ ഉത്തരവും വഖഫ് റജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് നല്‍കിയ ഹര്‍ജിയാണ് ട്രൈബ്യൂണലിന്റെ മുന്നിലുള്ളത്.
അതിനിടെ, വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമി വില്‍ക്കുന്നതിനല്ലേ വിലക്ക് ബാധകമാകൂ എന്നു കഴിഞ്ഞ ദിവസം ട്രൈബ്യൂണല്‍ ചോദിച്ചിരുന്നു. മുനമ്പത്തെ ഭൂമി സിദ്ധീഖ് സേഠ് ഫാറൂഖ് കോളജിന് വഖഫ് ചെയ്ത് നല്‍കിയെങ്കിലും വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ല. 2019ല്‍ വഖഫ് ബോര്‍ഡാണ് ഉത്തരവിലൂടെ ഭൂമി വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്യുന്നത്.
ആ സാഹചര്യത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പുള്ള വില്‍പനയ്ക്ക് എന്തെങ്കിലും പ്രശ്‌നുമുണ്ടോ എന്നാണ് ട്രൈബ്യൂണല്‍ ചോദിച്ചത്. വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്യാതിരുന്ന സമയത്ത് ഫാറൂഖ് കോളജ് ഭൂമി വിറ്റിട്ടുണ്ടെങ്കില്‍ ആ വില്‍പന അസാധുവാകില്ലല്ലോ എന്നും ട്രൈബ്യൂണല്‍ ചോദിച്ചിരുന്നു.