ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പുതിയ നിയമം വേണം: ഹൈക്കോടതി

ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ല എന്നുള്ള എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലുള്ള വാദത്തിലായിരുന്നു കോടതി പുതിയനിയമത്തിന്റെ ആവശ്യം മുന്നോട്ടുവെച്ചത്.

author-image
Biju
New Update
high

കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. നിലവിലുള്ള ദേവസ്വം മാനുവല്‍ കൊണ്ട് കാര്യമില്ലെന്നും വിഷയം സംസ്ഥാനസര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണമെന്നും കടുത്ത ശിക്ഷ നിയമത്തില്‍ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതി നിരീക്ഷണം നടത്തിയത്.

ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ല എന്നുള്ള എ. പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലുള്ള വാദത്തിലായിരുന്നു കോടതി പുതിയനിയമത്തിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. മാനുവലില്‍ ലംഘനമുണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമല്ല പക്ഷെ മാനുവല്‍ ലംഘിച്ച് അതുവഴി ഒരു ക്രിമിനല്‍കുറ്റത്തിന് കൂട്ടുനിന്നാല്‍ അത് ക്രിമിനല്‍ കുറ്റമായി മാറും എന്ന് കോടതി പറഞ്ഞു. ഇതിനോട് ബന്ധപ്പടുത്തിയാണ് പുതിയ നിയമത്തെ കുറിച്ച് കോടതി അഭിപ്രായം വ്യക്തമാക്കിയത്.

ശബരിമലയിലെ മാത്രമല്ല സംസ്ഥാനത്തെ ഒട്ടേറെ ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുകയോ തട്ടിയെടുക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും അതിനാല്‍ ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിനായി പുതിയനിയമം കൊണ്ടുവരണമെന്നുള്ള ആവശ്യം കോടതി മുന്നോട്ടുവെച്ചത്. സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ അഡിഷണല്‍ ജനറലിനോട് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കടുത്ത ശിക്ഷാവ്യവസ്ഥകളോടെ നിയമം കൊണ്ടുവരണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.