മണിക്കൂറില്‍ 200 കി.മീ. വേഗത; അതിവേഗ റെയില്‍പാത പദ്ധതി പ്രഖ്യാപനം ഉടനെന്ന് ഇ.ശ്രീധരന്‍

മണിക്കൂറില്‍ 200 കി.മീ. ആയിരിക്കും വേഗത. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ വേണ്ടി വരുന്ന സമയം മൂന്നേകാല്‍ മണിക്കൂറായിരിക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വേണ്ടിവരുന്ന സമയം ഒരു മണിക്കൂറും ഇരുപത് മിനിറ്റുമാണ്.

author-image
Biju
New Update
sreedharan

തിരുവനന്തപുരം: അതിവേഗ റെയില്‍പാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ.ശ്രീധരന്‍. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും ശ്രീധരന്‍ അറിയിച്ചു. 15 ദിവസത്തിനകം പദ്ധതി സംബന്ധിച്ച് റെയില്‍വേ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മണിക്കൂറില്‍ 200 കി.മീ. ആയിരിക്കും വേഗത. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് എത്താന്‍ വേണ്ടി വരുന്ന സമയം മൂന്നേകാല്‍ മണിക്കൂറായിരിക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വേണ്ടിവരുന്ന സമയം ഒരു മണിക്കൂറും ഇരുപത് മിനിറ്റുമാണ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ എത്താനെടുക്കുന്ന സമയം രണ്ടര മണിക്കൂറാണ്. അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലാകെ 22 സ്റ്റേഷനുകള്‍ ഉണ്ടാകും. ട്രെയിനില്‍ എട്ടുകോച്ചുകളാണ് ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. പരമാവധി കോച്ചുകളുടെ എണ്ണം 16 ആയിരിക്കും. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറല്‍ കോച്ചുകളുണ്ടാകും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിവേഗ റെയില്‍ പാതയുടെ 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് റെയില്‍പാത കടന്നു പോവുക. കുറച്ചുഭാഗം ഭൂഗര്‍ഭ പാതയുമുണ്ടാകും. പദ്ധതിക്കെതിരെ സമരം പാടില്ലാത്തതിനാല്‍ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുക്കുക. ഇവിടെ റെയില്‍പാതയുടെ തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരികെ നല്‍കും. ഈ ഭൂമിയില്‍ വീട് കെട്ടാന്‍ പാടില്ല. അതേസമയം, കൃഷിക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ല. അതിനു പകരമായി കേരളത്തിന് അനുയോജ്യമായ മറ്റൊരു അതിവേഗ റെയില്‍ പാതയാണ് ആവശ്യം. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിനുള്ള ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് (ഡിഎംആര്‍സി) നല്‍കി കഴിഞ്ഞു. ഒമ്പത് മാസത്തിനുള്ളില്‍ പദ്ധതിയുടെ ഡിപിആര്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പൊന്നാനിയില്‍ ഡിഎംആര്‍സിയുടെ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.