/kalakaumudi/media/media_files/2026/02/27/whatsapp-ima-2026-02-27-17-41-18.jpeg)
കൊച്ചി : മാലിന്യ നിർമാർജ്ജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ( ബി.പി.സി.എൽ) നേതൃത്വത്തിൽ ബ്രഹ്മപുരത്തെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഭൂമിയിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.അജൈവ മാലിന്യ സംസ്കരണത്തിൽ ഇതിനോടകം വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചത്. ജൈവമാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്ന ഈ നൂതന പദ്ധതിയിലൂടെ മാലിന്യ സംസ്കരണത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. പ്രതിദിനം 150 ടൺ വേർതിരിച്ച ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള ബ്രഹ്മപുരത്തെ ഈ പ്ലാന്റിലൂടെ ദിവസേന ഏകദേശം 5.6 ടൺ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസും 25 ടൺ ജൈവവളവുമാണ് ഉത്പാദിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കൊച്ചിയിലെ ഈ വിജയകരമായ മാതൃക പിന്തുടർന്ന് കോഴിക്കോട്, കൊല്ലം നഗരങ്ങളിലും സമാനമായ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ബി.പി.സി.എല്ലുമായി കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. കൂടാതെ, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്ത (പി.പിപി) മാതൃകയിൽ സർക്കാർ നേരിട്ട് പ്ലാന്റുകൾ നടപ്പിലാക്കി വരികയാണ്. കേരള ഖരമാലിന്യ പദ്ധതിയുടെ ഭാഗമായി ചങ്ങനാശ്ശേരിയിൽ കൂടി പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ മാലിന്യ സംസ്കരണ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കേന്ദ്ര പെട്രോളിയം - വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. സാനിറ്ററി വേസ്റ്റ് പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മാലിന്യ നിർമാർജന സംരംഭങ്ങളെക്കുറിച്ചുള്ള 'കോഫി ടേബിൾ ബുക്ക്', മന്ത്രി എം.ബി. രാജേഷ് കേന്ദ്ര പെട്രോളിയം-വിനോദസഞ്ചാര വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് നൽകി പ്രകാശനം ചെയ്തു. അതോടൊപ്പം, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ കൺസോളിഡേറ്റഡ് റിപ്പോർട്ടും മന്ത്രി പി. രാജീവ് കേന്ദ്രസഹമന്ത്രിക്ക് കൈമാറി.സി.ബി.ജി ഗ്രീൻ ബെൽറ്റ് മിയാവാക്കി ഫോറസ്റ്റ് പ്ലാന്റ് പരിസരത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സി.ബി.ജി ഗ്രീൻ ബെൽറ്റ് മിയാവാക്കി ഫോറസ്റ്റ് പദ്ധതിക്കും ചടങ്ങിൽ തുടക്കക്കുറിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും, പി.വി. ശ്രീനിജൻ എം.എൽ.എ,മേയർ അഡ്വ വി.കെ മിനിമോൾ എന്നിവരും ചേർന്ന് തൈകൾ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ ദീപക് ജോയ്, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ജയ് ഖന്ന, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, ജില്ലാ പഞ്ചായത്തംഗം ജൂബിൾ ജോർജ്ജ്, കൊച്ചി റിഫൈനറി ചീഫ് ജനറൽ മാനേജർ ജോർജ്ജ് തോമസ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
