സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറാനൊരുങ്ങുന്നു

മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.2013ൽ ഇന്ത്യ 'ലാക്ടോബാസില്ലസ് ഡെൽബ്രൂക്കി' എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു

author-image
Devina
New Update
sukshmanu

തിരുവനന്തപുരം: സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ(മൈക്രോബ്) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. ഈ മാസം 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രയിലെ സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

സാധാരണയായി രോഗകാരികളെന്ന ധാരണയിൽ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കൾ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളിൽ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ സൂക്ഷ്മാണുക്കൾ നൽകുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചർച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്.മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

 സൂക്ഷ്മാണുക്കൾ കേവലം രോഗകാരികളല്ലെന്നും കൃഷി, ആരോഗ്യം, പരിസ്ഥിതി എന്നിവയിൽ അവ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക. ലൈഫ് സയൻസ് രംഗത്തേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുകയും നൂതന പഠനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുക. കൃഷിയിലും മറ്റും രാസവസ്തുക്കളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ മാർഗങ്ങൾ അവലംബിക്കാൻ സൂക്ഷ്മാണുക്കളെ ഉപയോഗിക്കുക.

2013ൽ ഇന്ത്യ 'ലാക്ടോബാസില്ലസ് ഡെൽബ്രൂക്കി' എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോൾ സംസ്ഥാന തലത്തിൽ ഈ തീരുമാനം കൈക്കൊള്ളുന്നത്. പുളിപ്പിക്കൽ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വർധനയും നൽകുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ് ഇത്.

സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ കിൻഫ്രയിൽ ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുള്ള സെന്റർ ഫോർ എക്സലൻസ് ഇൻ മൈക്രോബയോമിന്റെ സമർപ്പണവും റിസർച്ച് ആൻഡ് ഇൻഡസ്ട്രിയൽ ലാൻഡ്സ്‌കേപ് ഓഫ് മൈക്രോബയോം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.