കോഴിക്കോട് സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്

author-image
Biju
New Update
hh

കോഴിക്കോട്: റോഡില്‍ മാങ്ങ പെറുക്കുകയായിരുന്നവര്‍ക്കിടയിലേക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരിക്കാണ് ഗുരുതരം.

ബിബീഷ് സുഹൃത്തിനൊപ്പം സ്‌കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

ksrtc swift bus