കേരള കുംഭമേള;മഹാമഘത്തില്‍ വന്‍ ഭക്തജന പങ്കാളിത്തം

 ജനുവരി 18 ന് ആരംഭിച്ച കേരള കുംഭമേളയിൽ പ്രതിദിനം മൂന്നര ലക്ഷത്തിൽ അധികം പേർ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്.കുംഭമേളയുടെ തുടക്കം മുതൽ സജീവമായ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്

author-image
Devina
New Update
kerala kum

തിരുവനന്തപുരം : കേരളത്തിന്റെ കുംഭമേള, തിരുന്നാവായയിൽ ഭാരതപ്പുഴയിൽ നടക്കുന്ന മഹാമാഘത്തിൽ വൻ ഭക്തജന പങ്കാളിത്തം. മഹാമാഘം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭക്തജന പങ്കാളിത്തം വർധിക്കുമെന്നാണ് കണക്കുകൾ.

 ജനുവരി 18 ന് ആരംഭിച്ച കേരള കുംഭമേളയിൽ പ്രതിദിനം മൂന്നര ലക്ഷത്തിൽ അധികം പേർ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്.കുംഭമേളയുടെ തുടക്കം മുതൽ സജീവമായ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്.

 അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടതൽ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരിപാടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മോഹൻജി ഫൗണ്ടേഷനിലെ രാജേഷ് വർമ്മ പ്രതികരിച്ചു. ഫെബ്രുവരി മൂന്നിന്ന് ചടങ്ങുകൾ അവസാനിക്കാനിരിക്കെ കാശി, വാരാണസി എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ നിന്നുള്ള നാഗ സന്യാസിമാരും കുംഭമേളയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ പറയുന്നു. ഫെബ്രുവരി 2 ഓടെ നാഗ സന്യാസിമാർ തിരുന്നാവായയിൽ എത്തുമെന്നാണ് പ്രതീക്ഷ.

 ഇവരുടെ സാന്നിധ്യം കൂടുതൽ ഭക്തരെ കുംഭമേളയിലേക്ക് എത്തിക്കുമെന്നാണ് സംഘാടകർ കരുതുന്നത്.270 വർഷങ്ങൾക്ക് ശേഷമാണ് തിരുന്നാവായയിൽ മഹാമാഘ മഹോത്സവം നടക്കുന്നത്.

തിരുനാവായ കുംഭമേള മഹാമാഘ കമ്മിറ്റി, മാതാ അമൃതാനന്ദമയി മഠം, മോഹൻജി ഫൗണ്ടേഷൻ എന്നിവയും വാരാണസി ആസ്ഥാനമായുള്ള ജുന അഖാഡയുമായി ചേർന്നാണ് ആത്മീയ സമ്മേളനം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

കുംഭമേളയിൽ എത്തുന്നവർക്ക് യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം, തിരൂർ തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പ് ഉൾപ്പെടെ അനുവദിക്കുകയും ചെയ്തിരുന്നു.

 കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പോലും ഭക്തർ തിരുന്നാവായയിൽ എത്തുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്.

പാർക്കിങ്, സുരക്ഷ എന്നിവയ്ക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, തിരുനാവായയിൽ താമസ സൗകര്യം ഉൾപ്പെടെയുള്ളവയുടെ അഭാവം ഇപ്പോഴും പരിമിതമാണ്.

സമീപ പ്രദേശങ്ങളായ കുറ്റിപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ, എടപ്പാൾ എന്നിവിടങ്ങളിലാണ് നിലവിൽ ഇതിന് സൗകര്യങ്ങളുള്ളത്.കേരളത്തിൽ സുപരിചിതമല്ലാതിരുന്ന ചടങ്ങുകളാണ് കുംഭമേളയുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത്.

 വാരാണസിയിൽ നിന്നുള്ള 15 അംഗ സംഘം നടത്തുന്ന നിള ആരതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. വേദങ്ങൾ, താന്ത്രിക വിദ്യകൾ, പ്രാദേശിക ആചാരങ്ങൾ, ഗോത്ര പാരമ്പര്യങ്ങൾ തുടങ്ങിയവയുടെ സമ്മിശ്രമായ ചടങ്ങുകളാണ് ഭാരതപ്പുഴയുടെ തീരത്തുള്ള മഹാമാഘ വേദിയിൽ അരങ്ങേറുന്നത്. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയിൽ നടത്തുന്ന സ്‌നാനം ആത്മീയവും ആരോഗ്യകരവുമായ ജീവിതത്തിന് വഴിക്കാട്ടിയാകുമെന്നാണ് വിശ്വാസം.

 ചരിത്രത്തിൽ അധികാര പേരാട്ടങ്ങളുടെ ഭാഗമായി നശിപ്പിക്കപ്പെട്ട പുരാതന ആചാരമാണ് മാമാങ്കം എന്ന് പിന്നീട് അറിയപ്പെട്ട മഹാമാഘം എന്ന് മാമാങ്കം ഐതിഹ്യവും ചരിത്രവും എന്ന പുസ്തകത്തിന്റെ രചയിതാവ് ജയരാജ് മിശ്ര പറയുന്നു.