തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നേരത്തെ ഗ്രീൻ സോണിലായിരുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളെ കൂടി ഉൾപ്പെടുത്തിയാണ് കാലാവസ്ഥ മുന്നറിയിപ്പ് പുതുക്കിയത്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്കുമുണ്ട്.
അതേസമയം, കേരളത്തിൽ കാലവർഷമഴയിൽ 12 ശതമാനത്തിന്റെ കുറവ് മാത്രമാണുള്ളത്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 19 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1616.3 എം.എം സാധാരണ മഴ ലഭിക്കേണ്ടിടത്ത് 1415.8 എം.എം മഴലഭിച്ചു. ഏറ്റവു കൂടുതൽ മഴ ലഭിച്ചത് കണ്ണൂരും കുറവ് മഴലഭിച്ചത് ഇടുക്കി ജില്ലയിലുമാണ്.