/kalakaumudi/media/media_files/2025/10/09/sab-2-2025-10-09-13-43-09.jpg)
തിരുവനന്തപുരം: നിയമസഭ സംഘര്‍ഷഭരിതമായി നാലാം ദിവസവും തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. എംഎല്‍എമാരായ റോജി എം ജോണ്‍, എം വിന്‍സന്റ്, ടി. ജെ. സനീഷ്‌കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
പ്രതിഷേധത്തിനിടെ വാച്ച് ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. അതിനിടെ ശബരിമലയിലെ സ്വര്‍ണ്ണ മോഷണ വിവാദത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.
ദ്വാരപാലക ശില്‍പ്പങ്ങള്‍ കോടീശ്വരന് വിറ്റഴിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാവ് ഗുണ്ടാനേതാവിനെപ്പോലെ പെരുമാറുകയാണെന്ന് മന്ത്രി എംബി രാജേഷും രാജിയില്ലെന്ന് ദേവസ്വം മന്ത്രിയും പ്രതികരിച്ചു. ചോദ്യോത്തരവേള മുതല്‍ സ്വര്‍ണപാളി മോഷണ വിവാദത്തിലെ പ്രതിഷേധം കടുപ്പിക്കുന്ന പതിവ് കാഴ്ചയാണ് ഇന്നും സഭയില്‍ കണ്ടത്. തുടക്കത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് മന്ത്രിയും ബോര്‍ഡ് അംഗങ്ങളും രാജിവെക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിച്ചു തുടങ്ങിയതോടെ സ്പീക്കര്‍ ഇടപെട്ടു. തന്നെ തടസ്സപെടുത്താന്‍ നോക്കുന്ന സ്പീക്കര്‍ നിഷ്പക്ഷനല്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവാണ് സഭ നടപടി തടസ്സപ്പെടുത്തുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ ബാനറുമായി സ്പീക്കര്‍ക്ക് അടുത്തേക്ക് പ്രതിപക്ഷ അംഗങ്ങള്‍ നീങ്ങി. ബാനര്‍ പിടിച്ചു വാങ്ങാന്‍ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനോട് പറഞ്ഞത് സഭയില്‍ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നില്‍ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാല്‍ ചെയറിനു മുന്നില്‍ ബാനര്‍ പിടിക്കരുതെന്ന നിലപാടിലായിരുന്നു സ്പീക്കര്‍. പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി ഭരണപക്ഷവും എഴുന്നേറ്റു.
പാര്‍ലമെന്ററി കാര്യമന്ത്രി മുദ്രാവാക്യം വിളിച്ചും സ്പീക്കറുടെ ഡയസ്സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. എങ്കിലും ചോദ്യോത്തരവേള പൂര്‍ത്തീകരിച്ചു. ശൂന്യവേള തുടങ്ങിയതോടെ രംഗം മാറി. പ്രതിപക്ഷ അംഗങ്ങളുടെ തള്ളിക്കയറ്റത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും ആയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. പിന്നീട് സഭ പുനരാരംഭിച്ചപ്പോഴും ബഹളത്തിന് ഒട്ടും കുറവുണ്ടായില്ല. ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും തീര്‍ന്നപ്പോഴാണ് ബഹിഷ്‌കരണം എന്നായിരുന്നു ഭരണപക്ഷത്തു നിന്നുള്ള പരിഹാസം. രാജി എന്ന പ്രതിപക്ഷ ആവശ്യം ദേവസ്വം മന്ത്രിയും തള്ളി.