/kalakaumudi/media/media_files/2025/09/11/shamseer-2025-09-11-15-57-30.jpg)
തിരുവനന്തപുരം: കേരളത്തിന്റെ 24-ാമത് സ്പീക്കറായി എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റെടുത്തിട്ട് സെപ്റ്റംബര്‍ 12 ന് മൂന്ന് വര്‍ഷം. മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അതില്‍ പ്രധാനപ്പെട്ടതാണ് ഏത് സംസ്ഥാനത്തിനും മാതൃകയാക്കാവുന്ന നിയമസഭാ പുസ്തകോത്സവം തന്നെയാണ്. കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം എടുത്തുപറയേണ്ടതാണ്.
ഒരു നൂറ്റാണ്ടിന്റെ ചരിത്രസമ്പത്ത് കാത്തുസൂക്ഷിക്കുന്ന നിയമസഭാ ലൈബ്രറിയുടെ അംഗത്വം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത് കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനായി.
ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച കേരളാ ലെജിസ്ലേറ്റീവ് ഇന്റര്‍ നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ ഇക്കാലയളവില്‍ വിജയകരമായി തുടരുകയാണ്.
പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കലാസാഹിത്യസാംസ്‌കാരിക സാമൂഹിക മേഖലകളിലെ മഹത്പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി 'നിയമസഭാ അവാര്‍ഡ്' ഏര്‍പ്പെടുത്തി.
ഓരോ സഭാസമ്മേളനകാലയളവിലും സ്പീക്കര്‍ സഭയിലില്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായി നിശ്ചയിക്കുന്ന മൂന്നംഗ ചെയര്‍മാന്‍മാരുടെ പാനലിലേക്ക് ആദ്യമായി മൂന്ന് വനിതാ സാമാജികരെ നിയോഗിച്ചു.
യു.പ്രതിഭ, സി.കെ. ആശ, കെ.കെ രമ എന്നീ വനിതാ അംഗങ്ങളാണ് സഭയുടെ 7-ാം സമ്മേളനത്തില്‍ ഈ പാനലില്‍ അംഗങ്ങളായത്.
അമ്പതാണ്ടുകള്‍ തുടര്‍ച്ചയായി നിയമസഭാസാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിക്കാനായത് വേറിട്ടൊരു അനുഭവമായി.
ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സംവാദങ്ങളെ വിവര്‍ത്തനം ചെയ്യുക എന്ന ചരിത്രപരമായ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നല്കി.
കോണ്‍സ്റ്റിറ്റിയൂഷണല്‍ അസംബ്ലി ഡിബേറ്റ്‌സിന്റെ മലയാളപരിഭാഷയുടെ ഒന്നാം വാല്യം ഈ വര്‍ഷം പ്രകാശനം ചെയ്തു. അതോടൊപ്പം, വജ്രകാന്തിയില്‍ പതിനാലാം കേരള നിയമസഭ, കേരളം പാസാക്കിയ നിയമങ്ങള്‍ - പ്രഭാവപഠനങ്ങള്‍ വാല്യം രണ്ട്, ബജറ്റ് പ്രസംഗങ്ങള്‍ വാല്യം ഒന്ന്, രണ്ട്. സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും എന്നീ നാലുപുസ്തകങ്ങള്‍ കൂടി തയ്യാറാക്കി പ്രകാശനം ചെയ്തു.
ആദ്യ മുഖ്യമന്ത്രി ഇ എം എസ് - ന്റെ സ്മരണക്കായി ഇ എം എസ് സ്മൃതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് കേരള നിയമസഭാ മ്യൂസിയത്തിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി.
എം.എല്‍.എ. മാരുടെ വാസസ്ഥലമായ പഴയ പമ്പാ ബ്ലോക്ക് പൊളിച്ചുമാറ്റി, മുഴുവന്‍ ഫ്‌ളാറ്റുകള്‍ എന്ന നിലയില്‍ പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍, 2025 ഡിസംബറില്‍ പണി പൂര്‍ത്തിയാകും വിധം മുന്നോട്ടുകൊണ്ടുപോകാനായത് സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.