അവസാന ദിനവും പ്രക്ഷുബ്ധമായി നിയമസഭ

തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനമുന്നയിച്ചത് കോടതിയാണെന്നും തന്ത്രി അനാവശ്യമായി ജയിലില്‍ അടച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് സര്‍ക്കാര്‍ പറയണമെന്നും കെ.ബാബു പറഞ്ഞു

author-image
Biju
New Update
sabha 3

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളന ദിനത്തിലും പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി. തന്ത്രിയെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനമുന്നയിച്ചത് കോടതിയാണെന്നും തന്ത്രി അനാവശ്യമായി ജയിലില്‍ അടച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് സര്‍ക്കാര്‍ പറയണമെന്നും കെ.ബാബു പറഞ്ഞു.

ഭരണപക്ഷം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള മര്യാദ കൂടി പ്രതിപക്ഷം കാണിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു അവിശ്വാസം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. അതിന് ധൈര്യമില്ലാത്തത് എന്തുകൊണ്ടാണ്. അവിശ്വാസം കൊണ്ടുവന്നാല്‍ തുറന്നു കാട്ടപ്പെട്ടത് ഭരണപക്ഷം അല്ല പ്രതിപക്ഷമാണ്.

അഞ്ചുവര്‍ഷത്തിനിടയില്‍ ഏതെങ്കിലും അഴിമതി ആരോപണം കൊണ്ടുവരാന്‍ കഴിഞ്ഞോ. ആരോപണം ഉന്നയിക്കാനുള്ള കണിക പോലും മന്ത്രിസഭയിലെ ഒരാളും ചെയ്തിട്ടില്ല ലൈഫ് മിഷനില്‍ അഞ്ച് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ഇന്ന് നടക്കും. പ്രതിപക്ഷത്തിന്റെ വീടുകള്‍ പോലെയല്ല സര്‍ക്കാരിന്റെ വീടുകള്‍. വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധിയും ഒരു രൂപ വയനാടിനായി മാറ്റി വെച്ചില്ല.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമാണ് നിങ്ങളുടേത്. വശീകരണ പ്രതിപക്ഷമാണ് ഈ നിയമസഭയിലേത്. തന്ത്രി കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് സര്‍ക്കാര്‍ പറയുന്നില്ല. സുപ്രിംകോടതിക്ക് മുകളിലാണോ വിജിലന്‍സ് കോടതി. കുറ്റപത്രം വെറുതെ കൊടുക്കല്‍ അല്ല. കുറ്റമറ്റ രീതിയില്‍ കൊടുക്കാനാണ് എസ്‌ഐടി ശ്രമിക്കുന്നതെന്ന് കോടതി തന്നെ വ്യക്തമാക്കി

എല്ലാത്തിനും കോടതിയില്‍ പോകുന്ന ആളാണല്ലോ പ്രതിപക്ഷ നേതാവ്. എന്തുകൊണ്ട് സ്വര്‍ണക്കൊള്ളയില്‍ കോടതിയില്‍ പോയില്ല. നശീകരണ സ്വഭാവമുള്ള പ്രതിപക്ഷമാണിത്. ജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ ഒന്നും വേണ്ടെന്നാണ് പ്രതിപക്ഷം പറഞ്ഞതെന്നും മന്ത്രി ആരോപിച്ചു.

ഇനി മത്സരിക്കുന്നില്ല എന്ന് പറഞ്ഞതുകൊണ്ട് രണ്ട് ദിവസത്തേക്ക് പ്രതിപക്ഷ നേതാവിന്റെ കസേര കെ.ബാബുവിന് നല്‍കിയിരിക്കുകയാണെന്ന് എം.ബി രാജേഷ് പരിഹസിച്ചു. ''കെ ബാബു ഇനി മത്സരിക്കാനില്ലെന്ന് പറയുന്നത് കേട്ടു. അതുകൊണ്ടുള്ള സമാശ്വാസ സമ്മാനമാണ് പ്രതിപക്ഷ നേതാവ് ബാബുവിന് നല്‍കിയത്. എങ്ങനെയെങ്കിലും സഭ തീര്‍ന്നു കിട്ടിയാല്‍ മതിയെന്നാണ് പ്രതിപക്ഷത്തിന്. നടുത്തളത്തില്‍ താമസമാക്കിയ പ്രതിപക്ഷമാണിത്. ചട്ടം 50 പ്രകാരമുള്ള ഒരു നോട്ടീസ് പ്രതിപക്ഷം തന്നിട്ട് എത്രനാളായി. നിയമസഭയില്‍ നിന്ന് വെളിയിലിറങ്ങുന്ന പ്രതിപക്ഷത്തെ ആഴക്കിണറിലേക്ക് വലിച്ചെറിയും. പ്രതിപക്ഷം ബിജെപിയുമായി ചേര്‍ന്നാണ് തന്ത്രം ആവിഷ്‌കരിക്കുന്നത്. കോണ്‍ഗ്രസിനെ ജയിപ്പിച്ച് നേട്ടം ഉണ്ടാക്കാം എന്നാണ് അമിത് ഷാ കണക്കാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസിനെയാണ് ബിജെപി വിലയ്ക്ക് വാങ്ങിയതെന്നും രാജേഷ് ആരോപിച്ചു.