/kalakaumudi/media/media_files/2025/11/20/nia-2025-11-20-18-12-49.jpg)
കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകള്‍ നടന്നത് കൊച്ചിയിലെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ്ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബ് വഴിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി പാലാരിവട്ടം സ്വദേശി മധു ജയകുമാറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പ്രത്യേക കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യക്കടത്തിനു പിന്നില്‍ കൂടുതല്‍ മലയാളികളുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. മധു ജയകുമാറിനെ ഈ മാസം 24 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
മെഡിക്കല്‍ ടൂറിസം നടത്തുന്ന സ്ഥാപനമെന്നു വിശ്വസിപ്പിച്ച് മധു ജയകുമാര്‍ തുടങ്ങിയതാണ് സ്റ്റെമ്മ ക്ലബ്. എന്നാല്‍ മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമുള്ള മറയായി സ്ഥാപനത്തെ ഉപയോഗിക്കുകയായിരുന്നു എന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കരുതുന്നത്. അതുകൊണ്ടു തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലായി അന്വേഷിക്കുന്നുണ്ടെന്നും എന്‍ഐഎ പറയുന്നു.
അവയവ കടത്തുവഴിയുള്ള പണം എത്തിയിരുന്നത് സ്റ്റെമ്മ ക്ലബിന്റെ പേരിലാണ്. പ്രധാനമായും കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു അവയവ ദാതാക്കള്‍. ഇവര്‍ അവയവങ്ങള്‍ ദാനം ചെയ്തിരുന്നത് കൂടുതലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു. 50 ലക്ഷം രൂപ വരെ ഓരോ അവയവ ഇടപാടിനും ആവശ്യക്കാരില്‍ നിന്ന് സംഘം ഈടാക്കുന്നുണ്ട്. അവയവ ദാതാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 6 ലക്ഷം രൂപയാണ്. എന്നാല്‍ അവയവം ദാനം ചെയ്ത ശേഷം ഈ പണം മുഴുവനായി മിക്കവര്‍ക്കും നല്‍കിയിട്ടില്ല എന്ന വിവരം നേരത്തേ പുറത്തു വന്നിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് 18ന് തൃശൂര്‍ സ്വദേശി സാബിത് നാസര്‍ നെടുമ്പാശേരിയില്‍ പിടിയിലായതോടെയാണ് അവയവക്കടത്ത് സംഭവം പുറത്തു വരുന്നത്. കൊച്ചി, കുവൈത്ത്, ഇറാന്‍ റൂട്ടില്‍ നിരന്തരം യാത്ര ചെയ്തിരുന്ന ആളായിരുന്നു സാബിത്ത്. വൃക്ക നല്‍കാന്‍ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി.
വൃക്ക നല്‍കുന്നത് നിയമപരമാണെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകള്‍ തയാറാക്കിയായിരുന്നു ആളുകളെ ഇയാള്‍ ഇറാനിലേക്ക് കൊണ്ടുപോയിരുന്നത്. സാബിത്ത് പിടിയിലായതിനു പിന്നാലെ മൂന്നാം പ്രതിയും അവയവക്കടത്തിലെ മുഖ്യസൂത്രധാരനുമെന്നു കരുതപ്പെടുന്ന ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദും അറസ്റ്റിലായി.
ഇവരുടെ പണം കൈകാര്യം ചെയ്തിരുന്നു എന്ന് കരുതപ്പെടുന്ന കൊച്ചി എടത്തല സ്വദേശിയും മധുവിന്റെ സുഹൃത്തുമായ സജിത്ത് ശ്യാമിനേയും പിന്നാലെ അറസ്റ്റ് ചെയ്തു. നവംബര്‍ ഏഴിന് ഇറാനില്‍ നിന്ന് എത്തിയ മധുവിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
