/kalakaumudi/media/media_files/2025/03/29/TtilZvhEfqgrT8cynn8i.jpg)
ആലപ്പുഴ: മാവേലിക്കര നഗരസഭ അധ്യക്ഷന്‍ കെ.വി.ശ്രീകുമാറിനെതിരെ കോണ്‍ഗ്രസ് അതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. 28 കൗണ്‍സിലര്‍മാരില്‍ 18 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
ഒന്‍പത് ബിജെപി അംഗങ്ങളില്‍ മൂന്നു പേരും നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാറും യോഗത്തിന് എത്തിയില്ല. യോഗത്തിന് എത്തിയ ആറു ബിജെപി കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയ്ക്കു ശേഷം കൗണ്‍സില്‍ ഹാളില്‍നിന്നു പുറത്തുപോയി. തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്. ഒന്‍പത് കോണ്‍ഗ്രസ് അംഗങ്ങളും എട്ടു സിപിഎം അംഗങ്ങളും ഒരു ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗവുമാണ് പ്രമേയത്തെ പിന്തുണച്ചത്.
അവിശ്വാസം വിജയിക്കണമെങ്കില്‍ 15 കൗണ്‍സിലര്‍മാരുടെ പിന്തുണ ആവശ്യമായിരുന്നു. 28 അംഗ നഗരസഭയില്‍ കോണ്‍ഗ്രസ്, ബിജെപി, എല്‍ഡിഎഫ് എന്നിവര്‍ക്ക് 9 വീതം കൗണ്‍സിലര്‍മാരാണ് ഉള്ളത്. സ്വതന്ത്രനായ കെ.വി.ശ്രീകുമാറിനെ അധ്യക്ഷനാക്കി കോണ്‍ഗ്രസ് ആണ് നഗരസഭ ഭരിച്ചിരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം അധ്യക്ഷപദവി ഒഴിയണമെന്ന നിര്‍ദേശം ചെയര്‍മാന്‍ പാലിച്ചില്ല എന്നാരോപിച്ചു 7 മാസം മുന്‍പു ശ്രീകുമാറിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നു.
നഗരസഭയിലെ 9 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എല്‍ഡിഎഫിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിനു വര്‍ഗീസും ഒപ്പിട്ടാണ് അവിശ്വാസത്തിനു നോട്ടിസ് നല്‍കിയിരുന്നത്. സ്വജന പക്ഷപാതം, വികസന മുരടിപ്പ്, കെടുകാര്യസ്ഥത തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടിസ്.