തിരുവനന്തപുരം: യാക്കോബായ സഭാദ്ധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ശേഷം ദമാസ്‌കസ് വഴി അമേരിക്കയിലേക്കുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്രം യാത്രാനുമതി നിഷേധിച്ചത്. പിന്നീട് ചടങ്ങ് പൂര്‍ത്തിയാക്കി കേരളത്തില്‍ തിരിച്ചെത്തിയ മന്ത്രി കേന്ദ്ര നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
ഫേസ് ബു്ക്കില്‍ പങ്കുവച്ച കുറിപ്പില്‍ യാത്രയുടെ ലക്ഷ്യം അടക്കം മന്ത്രി പങ്കുവച്ചിട്ടുണ്ട്.
മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ;
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവരുടെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നതിനും നോവല്‍ ഇന്നോവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരം ലഭിച്ച സംരംഭക വര്‍ഷത്തെക്കുറിച്ച് സംസാരിക്കുന്നതിനും രാഷ്ട്രീയ അനുമതി നിഷേധിച്ച യൂണിയന്‍ ഗവണ്‍മെന്റിന്റെ നടപടി അസാധാരണവും അപലപനീയവുമാണ്.
മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നു വരെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇന്നോവേറ്റീവ് പബ്ലിക് പോളിസി ഫ്രെയിംവര്‍ക്ക് ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഇക്കോണമിക് ഡെവലപ്‌മെന്റ് എന്ന സെഷനില്‍
ഡെവലപ്പിംഗ്് എന്റര്‍പണര്‍ഷിപ്പ് ഇക്കോസിസ്റ്റം പോളിസി ആന്റ് സക്‌സസ്ഫുള്‍ ഇംപ്ലിമെന്റേഷന്‍: എ കേസ് സ്റ്റഡി ഓഫ് എന്റര്‍പ്രൈസസ് എന്ന വിഷയം അവതരിപ്പിക്കാനാണ് ക്ഷണം ലഭിച്ചിരുന്നത്. മുഹമ്മദ് ഹനീഷ് ഐ എ എസും ഹരികിഷോര്‍ ഐ എ എസും പേപ്പറുകള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും യൂണിയന്‍ ഗവണ്‍മെന്റ് അനുമതി നിഷേധിച്ചു.
സംരംഭകവര്‍ഷം നടപ്പിലാക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന, ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന് പങ്കെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതുകൊണ്ടും ഈ പദ്ധതിയെ കുറിച്ച് ആധികാരികമായി പഠിച്ച ഐഐഎം ഇന്‍ഡോറിലെ ഡയറക്ടറും പ്രൊഫസറും പങ്കെടുക്കുന്നതുകൊണ്ടും സംരംഭകവര്‍ഷം ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ സന്തോഷം.
ലോകത്തിന്മുമ്പില്‍ കേരളം അഭിമാനപൂര്‍വ്വം ശിരസ്സുയര്‍ത്തി നില്‍ക്കേണ്ട സന്ദര്‍ഭമാണ് നഷ്ടപ്പെട്ടിരിക്കുന്നത്..
മാര്‍ച്ച് 28 ന് എത്തി 30 ന് മടങ്ങാനായിരുന്നു പദ്ധതി. 152 രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ നേരിട്ടുള്ള അവതരണങ്ങളാണ് സാധാരണ അനുവദിക്കാറുള്ളത്. ഈ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രസന്റഷന്‍ അനുവദിക്കാമോയെന്ന് ചോദിച്ചിട്ടുണ്ട്.
അസ്പ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രീയ അനുമതി നിഷേധിച്ചുവെന്നത് സംഘാടകര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളം അങ്ങനെ അംഗികരിക്കപ്പെടേണ്ടതില്ലെന്ന ചിന്ത നാടിനെതിരായതും അപലപിക്കപ്പെടേണ്ടതുമാണ്.