/kalakaumudi/media/media_files/2025/12/25/jana-2-2025-12-25-07-07-53.jpg)
തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്നു കരകയറാന്‍, ലക്ഷങ്ങള്‍ ചെലവിട്ടു പ്രചാരണ പരിപാടികള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 'നാടിനൊപ്പം' എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും മാധ്യമ സമ്മേളനം നടത്താനാണു തീരുമാനം. ഇതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി 15 നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്ക് അയച്ചു.
മാധ്യമ സമ്മേളനങ്ങള്‍ ജനുവരി മുതല്‍ സംഘടിപ്പിക്കണമെന്നു സര്‍ക്കുലറില്‍ പറയുന്നു. മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ സ്ഥലം ആയിരിക്കണം വാര്‍ത്താ സമ്മേളനത്തിന് തിരഞ്ഞെടുക്കേണ്ടത്. പദ്ധതിയെക്കുറിച്ചു കൂടുതല്‍ പ്രചാരണം ഉറപ്പാക്കുകയും ഒപ്പം മറ്റു നേട്ടങ്ങളും അവതരിപ്പിക്കണം. ഇതിനു ചെലവു വരുന്ന തുക സാമ്പത്തിക വര്‍ഷത്തെ പ്രസ് ഫെസിലിറ്റിയില്‍ മീഡിയ സെന്റര്‍, വാര്‍ത്താസമ്മേളനം, മാധ്യമ ഏകോപനം എന്ന വിഭാഗത്തില്‍ നിന്ന് വിനിയോഗിക്കണം. അധികം തുക ആവശ്യമെങ്കില്‍ ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്നും പറയുന്നു.
ഒരു മന്ത്രി ഒരു പ്രോജക്ട് എന്ന രീതിയില്‍ 2 പത്രസമ്മേളനങ്ങള്‍ നടത്തണം. വിഡിയോ വോളില്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കണം. മുന്നില്‍ മന്ത്രിയും ഇരു വശങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും വരുന്ന രീതിയില്‍ ഇരിപ്പിടം ക്രമീകരിക്കണം. തോരണം, അലങ്കാരങ്ങളും ക്രമീകരിക്കണം. പന്തല്‍ ആവശ്യമുള്ള സ്ഥലത്ത് ടെന്റ് സ്ഥാപിക്കണം. ഓരോ സ്ഥലത്തും ചുരുങ്ങിയത് 50 മാധ്യമ പ്രവര്‍ത്തകരെ എത്തിക്കണം. ആവശ്യമെങ്കില്‍ വാഹനം ഉപയോഗിക്കണം.
സ്ഥലം, തീയതി, പദ്ധതി വിഷയം, വിശദാംശം എന്നിവ മന്ത്രിമാരുടെ ഓഫിസ് നല്‍കണം. സംസ്ഥാനതല ഏകോപനം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ തലത്തിലുള്ള ക്രമീകരണം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസു നിര്‍വഹിക്കണമെന്നാണു നിര്‍ദേശം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
