/kalakaumudi/media/media_files/2025/02/20/HDPczjhdFjy2pSGYkHGP.jpg)
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ഭൂസമരം നടന്ന് 22 വര്‍ഷമായിട്ടും ആദിവാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് സമരം നയിച്ചിരുന്ന ആദിവാസി ഗോത്ര മഹാസഭ നേതാക്കളില്‍ ഒരാളായ സി.കെ ജാനു. ആദിവാസി സമൂഹത്തോടുള്ള രാഷ്ട്രീയക്കാരുടെ സമീപനം വ്യക്തമാക്കുന്നതാണ് അവര്‍ക്കെതിരെ തുടരുന്ന കേസുകളെന്നും ജാനു പറഞ്ഞു.
മുത്തങ്ങ സമരം മുന്നില്‍ നിന്ന് നയിച്ചവര്‍ക്ക് മുഴുവന്‍ ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല എന്നതാണ് 22 വര്‍ഷം പിന്നിടുമ്പോഴുള്ള വസ്തുതയെന്ന് മറ്റൊരു നേതാവിയിരുന്ന എം ഗീതാനന്ദനും പറഞ്ഞു. മുത്തങ്ങ സമരത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ തകരപ്പാടിയിലെ ജോഗി സ്മാരകത്തില്‍ എത്തിയതായിരുന്നു ഇരുവരും. 825 കുടുംബങ്ങളില്‍ നിന്നായി 4200 പേരാണ് അന്ന് സമരത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ നാമമാത്രമായ ആളുകള്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്.
ഇതില്‍ കൂടുതല്‍ ഭൂമിയാകട്ടെ വാസയോഗ്യമല്ലാത്തതാണെന്നും ഗീതാനന്ദന്‍ പറഞ്ഞു. എന്നാല്‍ മുത്തങ്ങ സമരത്തിന് പിന്നാലെ സംസ്ഥാനത്തെ ആദിവാസി-ദലിത് വിഭാഗങ്ങള്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യാനിറങ്ങിയെന്നതാണ് മുത്തങ്ങ കൊണ്ടുണ്ടായ കാതലായ മാറ്റമെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി.
കേരള ചരിത്രത്തില്‍ വളരെ നിര്‍ണായകമായ ദിവസമാണ് ഫെബ്രുവരി 19. പിറന്ന മണില്‍ ജീവിക്കാനായി ഭൂമി ചോദിച്ച ആദിവാസികളെ നേരിടാന്‍ പടക്കോപ്പുകളും വമ്പന്‍ സന്നാഹങ്ങളുമായി പോലീസ് സേന പാഞ്ഞടുത്ത ദിവസം. സമാധാനപരമായി സമരം ചെയ്തിരുന്ന സമരക്കാര്‍ക്കെതിരെ 18 തവണ പോലീസ് വെടിയുതിര്‍ത്തു. ആദിവാസിയായ ജോഗിയും പോലീസ് കോണ്‍സ്റ്റബിള്‍ വിനോദും മരിച്ചു.
പിന്നീട് നടന്ന അറസ്റ്റുകളും പോലീസ് മര്‍ദ്ദനവും ആദിവാസി കോളനികളില്‍ പോലീസ് നടത്തിയ നരനായാട്ടും ഇന്നും വിമര്‍ശിക്കപ്പെടുന്നു. വനംവകുപ്പിന്റേതുള്‍പ്പെടെ 18 കേസുകളായിരുന്നു സമരക്കാര്‍ക്കെതിരെ രേഖപ്പെടുത്തിയത്. ഇതില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 11 കേസുകള്‍ ആദ്യം ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് കേസുകളുടെ എണ്ണം ആറാക്കി ചുരുക്കി. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ അത് സിബിഐയ്ക്ക് വിട്ടു. സിബിഐ മൂന്നാക്കി കേസുകളുടെ എണ്ണം കുറച്ചു. വനംവകുപ്പിന്റെ കേസുകള്‍ പിന്നീട് എല്ലാം എഴുതിത്തള്ളി. എന്നാല്‍ മൂന്ന് കേസുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപിടുത്തവും വനപാലകരെ ബന്ദികളാക്കലും, വനം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പോലീസുകാരന്‍ കെ വിനോദിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്നത്. ' മൂന്ന് കേസുകളും എറണാകുളം സിബിഐ കോടതിയിലാണ് നടന്നിരുന്നത്. അതിനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ ഒരു കേസ് വയനാട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. എന്നാല്‍ മറ്റ് രണ്ടെണ്ണവും എറണാകുളം സി ജെ എം കോടതിയില്‍ തന്നെയാണ് തുടരുന്നത്. ക്രമിനല്‍ കുറ്റമാണ് ചേര്‍ത്തിരിക്കുന്നത്.' കേസില്‍ രണ്ടാം പ്രതിസ്ഥാനത്തുള്ള ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ പറയുന്നു.
സമരം ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ തുടരുമ്പോഴും മരിച്ച ആദിവാസി ചെമ്മാട് ജോഗിയുടെ മരണം അന്വേഷിക്കാന്‍ ഇതേവരെ ഒരു നടപടിയും ഉണ്ടായില്ല. ' അതിന് ഉത്തരം പറയേണ്ടത് സര്‍ക്കാരാണ്. ബാക്കിയെല്ലാവര്‍ക്കെതിരെയും വര്‍ഷങ്ങളായി കേസ് നടക്കുന്നു. അച്ഛന്‍ മരിച്ചിട്ട് ഒരു അന്വേഷണവും ഉണ്ടായില്ല. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും അത് പരിഗണിച്ചിട്ടില്ല.' ജോഗിയുടെ മകന്‍ ശിവന്‍ പ്രതികരിച്ചു.
അന്നത്തെ സംഭവത്തില്‍ കുട്ടികളെയും ജയിലിലടച്ചത് സംബന്ധിച്ച് സമരനേതാവ് സി കെ ജാനു ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. അന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആയിരുന്ന നിര്‍മല ദേശ്പാണ്ടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്നുണ്ടായ മരണങ്ങളിലും അതിക്രമങ്ങളിലും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് സിബിഐയ്ക്ക് കൈമാറുകയല്ലാതെ അന്ന് സംസ്ഥാന സര്‍ക്കാര്‍ മറ്റൊന്നും ചെയ്തില്ല. പിന്നീടും ഉണ്ടായില്ല. 'ജോഗിയുടെ മരണം സംബന്ധിച്ച പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കാം എന്ന സ്റ്റേറ്റ്മെന്റ് മാത്രമാണ് ആകെ ഇക്കാര്യത്തില്‍ കോടതി പറഞ്ഞത്. ജോഗിയുടേത് ഇപ്പോഴും അസ്വാഭാവിക മരണമായി തന്നെ പോലീസ് രേഖകളിലും കോടതി രേഖകളിലും നില്‍ക്കുന്നു.' ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സമരം ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ തുടരുമ്പോഴും മരിച്ച ആദിവാസി ചെമ്മാട് ജോഗിയുടെ മരണം അന്വേഷിക്കാന്‍ ഇതേവരെ ഒരു നടപടിയും ഉണ്ടായില്ല. ' അതിന് ഉത്തരം പറയേണ്ടത് സര്‍ക്കാരാണ്.
വനം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ 12 സ്ത്രീകളടക്കം 74 പ്രതികളാണുള്ളത്. പോലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ നാല് സ്ത്രീകളടക്കം 57 പ്രതികളുണ്ട്. പ്രതികളില്‍ അഞ്ച് പേര്‍ നിലവില്‍ ജീവനോടെയില്ല. വനത്തിന് തീയിടുകയും വനം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു എന്ന കേസില്‍ 53 പേരാണ് പ്രതികള്‍.
' കേസുകള്‍ പിന്‍വലിക്കുകയോ തീര്‍പ്പ് കല്‍പ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്നേവരെ അതുണ്ടായില്ല. നിരവധി ആളുകള്‍ ഉള്‍പ്പെട്ട കേസ് ആയതുകൊണ്ട് കോടതിയില്‍ ഹാജരാവാന്‍ എല്ലാവരേയും സംഘടിപ്പിക്കല്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. ആരെങ്കിലും വരാതിരുന്നാല്‍ കേസ് മാറ്റിവയ്ക്കും. സ്ഥിരം പണി പോലും ആര്‍ക്കും ഇല്ല. ആകെയുള്ളത് തൊഴിലുറപ്പാണ്. അത് പോലും ചില ദിവസം മാത്രമേയുള്ളൂ. ആ പണം പോലും കിട്ടാന്‍ എത്രയോ നാള്‍ കാത്തിരിക്കണം. അതിനിടയില്‍ കേസിനായുള്ള പോക്കും വരവിനും തന്നെ കുറേ പൈസ ചെലവാകും. കേസ് നില്‍ക്കുന്നതിന്റെ മാനസിക സംഘര്‍ഷം വേറെ.' കേസില്‍ ഉള്‍പ്പെട്ട ടി വി ബാലന്‍ പറയുന്നു.
' എന്റെ പേരില്‍ കൊലപാതക ശ്രമമാണ്. ഞാന്‍ അറ്റാക്ക് ഉണ്ടാവുന്ന അന്ന് രാവിലെ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ആ സ്ഥലത്ത് പോലുമുണ്ടായിരുന്നില്ല. എന്നിട്ട് പോലീസുകാരനെ കൊല്ലാന്‍ നോക്കിയതിനാണ് എനിക്കെതിരെ കേസ്. എല്ലാവരേയും എന്തെങ്കിലും കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 70 വയസ്സുള്ള മാരിക്ക് എതിരെ പോലും കേസുണ്ട്. കൊലപാതക ശ്രമമാണ് അവര്‍ക്കെതിരെയും. ഭര്‍ത്താവ് കാളനെ മര്‍ദ്ദിക്കുന്ന കണ്ടപ്പോ അയാള്‍ക്ക് മുകളില്‍ കയറിക്കിടന്ന തെറ്റേ അവര്‍ ചെയ്തിട്ടുള്ളൂ.' ബാലന്‍ തുടര്‍ന്നു.
കഴിഞ്ഞ വര്‍ഷം മാനസികാരോഗ്യ പ്രശ്നമുള്ള മാരിയെ കോടതിയില്‍ ഹാജരാക്കിയതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ചീരാല്‍ മുരിക്കിലാടി ഊരാളി കോളനിയിലെ മാരിയ്ക്കെതിരെ എറണാകുളം കോടതിയിലും കല്‍പ്പറ്റ കോടതിയിലും കേസുകളുണ്ട്. മുത്തങ്ങ വനത്തില്‍ നിന്ന് കുടിയിറക്കപ്പെട്ട മാരിയും ഭര്‍ത്താവ് കാളനും രണ്ട് കുട്ടികളും ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാളന്‍ മരിച്ചു. അതോടെ മാരിയുടെ മനോനില തെറ്റുകയായിരുന്നു. '
2016ല്‍ സിബിഐ പറഞ്ഞിട്ട് പോലീസുകാര്‍ മാരിയെ കസ്റ്റഡിയിലെടുത്തു. പക്ഷേ മാനസികാസ്വാസ്ഥ്യം കാണിച്ചപ്പോള്‍ ആശുപത്രി വരാന്തയില്‍ ഉപേക്ഷിച്ചു. ഇത് വിവാദമായിരുന്നു. എന്നാല്‍ അതിന് ശേഷവും മാരിയുടെ രോഗാവസ്ഥ സംബന്ധിച്ച് കോടതിയില്‍ അധികൃതര്‍ വിവരം അറിയിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷവും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാരിയെ സ്വന്തം ജാമ്യത്തിലാണ് കോടതി വിട്ടത്. ഇപ്പോഴും അധികൃതര്‍ വന്ന് അവരെ കോടതിയില്‍ ഹാജരാക്കണമെന്ന് പറഞ്ഞ് എടങ്ങേറാക്കാറുണ്ട്.' രമേശന്‍ പറയുന്നു.