/kalakaumudi/media/media_files/2025/08/12/mat-2025-08-12-15-07-45.jpg)
ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത നിര്‍മാണത്തില്‍ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി. പിഎസി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ദേശീയപാത അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സമഗ്ര ഓഡിറ്റ് വേണമെന്ന് പസമിതി ശുപാര്‍ശ ചെയ്തു. ഓരോ സംസ്ഥാനത്തും ഡിസൈന്‍ തീരുമാനിക്കുമ്പോള്‍ വിശാല കൂടിയാലോചന വേണം. എംപിമാരുള്‍പ്പടെ ജനപ്രതിനിധികളുമായും സംസ്ഥാന വിദഗ്ധരുമായും കൂടിയാലോചന വേണം. കൂരിയാട് ഡിസൈന്‍ തകരാറ് ഉണ്ടായെന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി ഭാവിയില്‍ കരാറുകള്‍ നല്‍കരുതെന്നും ശുപാര്‍ശയുണ്ട്. ഉപകരാറുകള്‍ തീരെ കുറഞ്ഞ തുകയ്ക്ക് നല്‍കുന്നതില്‍ പിഎസി ആശങ്ക രേഖപ്പെടുത്തി. കടമ്പാട്ടുകോണം- കഴക്കൂട്ടം പാതയ്ക്ക് കരാറെടുത്തത് 3684 കോടി രൂപയ്ക്കാണ്. എന്നാല്‍ ഉപകരാര്‍ നല്‍കിയത് 795 കോടിക്കും. കേരളത്തില്‍ ഉപകരാറുകളുടെ ശരാശരി എടുത്താല്‍ ടെന്‍ഡര്‍ തുകയുടെ 54 ശതമാനം മാത്രമെന്നും സമിതി കണ്ടെത്തി.
ഉപകരാറുകളുടെ വിശദമായ വിലയിരുത്തല്‍ ഗതാഗത മന്ത്രാലയം നടത്തണം ഡിസൈന്‍ തയ്യാറാക്കാനും അംഗീകരിക്കാനുമുള്ള സംവിധാനം ദേശീയപാത അതോറിറ്റിക്ക് വേണമെന്നും പിഎസി ശുപാര്‍ശ ചെയ്തു. ടോള്‍ നിശ്ചയിക്കാന്‍ പ്രത്യേക നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്നും പിഎസി റിപ്പോര്‍ട്ടില്‍ പറയുന്നു.