തിരുവനന്തപുരം: മന്ത്രിസ്ഥാനം പോകാതെ കാക്കാന്‍ എ.കെ.ശശീന്ദ്രനും മന്ത്രിയായേ അടങ്ങൂ എന്ന വാശിയില്‍ തോമസ് കെ.തോമസും കളംനിറഞ്ഞാടുമ്പോള്‍ എന്‍സിപിയില്‍ മന്ത്രിക്കസേരയ്ക്കായി മാസങ്ങളായി നീളുന്ന പോരിന് ചൂടേറുന്നു. പാര്‍ട്ടി തീരുമാനിച്ചിട്ടും തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന അലംഭാവം മറികടക്കാന്‍ സിപിഎം ദേശീയ നേതൃത്വത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് എന്‍സിപി. എന്നാല്‍ തന്റെ നിലപാടുകള്‍ക്കെതിരായി ഡല്‍ഹിയില്‍ നടത്തിയ നീക്കത്തോടു മുഖ്യമന്ത്രി എതു രീതിയില്‍ പ്രതികരിക്കും എന്നതു നിര്‍ണായകമാകും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട എന്‍സിപി (എസ്പി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കേരളത്തിലെ പാര്‍ട്ടിയില്‍ നടക്കുന്ന തമ്മിലടി വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഏതു വിധേനയും പ്രശ്ന പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ദേശീയ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെയും വിഷയത്തില്‍ ഇടപെടുത്താന്‍ പവാര്‍ തീരുമാനിച്ചത്. മുന്നണി സംവിധാനത്തില്‍ മന്ത്രിയെ നിശ്ചയിക്കുക അതത് പാര്‍ട്ടികളാണെങ്കിലും തോമസ് കെ.തോമസിന്റെ കാര്യത്തില്‍ അതുണ്ടാവാത്തതിലെ അതൃപ്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ കാരാട്ടിനെ അറിയിച്ചെന്നാണ് വിവരം. കാരാട്ടിനെ ഇടപെടുത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ സമ്മര്‍ദം ചെലുത്തി തോമസിന് മന്ത്രിസ്ഥാനം ഉറപ്പിക്കാനാണ് പുതിയ നീക്കം.മന്ത്രിമാറ്റം സംബന്ധിച്ച ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍, കൂറുമാറ്റത്തിനു കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി തന്നെയാണ് എന്‍സിപി നേതൃത്വത്തെ വിയോജിപ്പ് അറിയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രകാശ് കാരാട്ടിനെ കൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി എന്‍സിപി സംസ്ഥാന നേതൃത്വം നടത്തിയ സമ്മര്‍ദതന്ത്രത്തില്‍ മുഖ്യമന്ത്രിക്കു നീരസമുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന നിലപാടില്‍ തനിക്കു താല്‍പര്യമില്ലെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രതികരണം ഇതു മനസിലാക്കിയുള്ളതാണ്. ശരദ് പവാര്‍ വിളിപ്പിച്ചത് അനുസരിച്ചാണ് ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഇനി കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നും തോമസ് കെ. തോമസ് പറഞ്ഞു. കേരളത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. പവാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി. അനാവശ്യ വിവാദങ്ങളിലേക്കു പോകേണ്ടെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുമായി അടുത്തു തന്നെ കൂടിക്കാഴ്ച നടത്തുമെന്നും തോമസ് പറഞ്ഞു.
എന്‍സിപിയില്‍ മന്ത്രിപ്പോര് മുറുകുന്നു; ദേശീയ നേതൃത്വംതന്നെ രംഗത്ത്
പാര്‍ട്ടി തീരുമാനിച്ചിട്ടും തോമസിനെ മന്ത്രിയാക്കുന്നതില്‍ കാട്ടുന്ന അലംഭാവം മറികടക്കാന്‍ സിപിഎം ദേശീയ നേതൃത്വത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് എന്‍സിപി
New Update