/kalakaumudi/media/media_files/2026/02/14/img_2522-2026-02-14-21-28-58.jpeg)
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ നടപ്പാതയിലൂടെ നിയമലംഘനം നടത്തി സ്കൂട്ടര്‍ ഓടിച്ചെത്തിയ ആളെ വയോധിക തടഞ്ഞ സംഭവം വൈറലായിരുന്നു. കോഴിക്കോട് സ്വദേശിനിയായ പ്രഭാവതിയമ്മയാണ് ഏവരുടെയും അഭിമാന താരമായി മാറിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ സിഗ്നലിന് സമീപത്തുനിന്നുള്ള ദൃശ്യമാണ് ആദ്യം പുറത്ത് വന്നത്. ഒരു സ്‌കൂട്ടർ യാത്രികൻ നിയമം ലംഘിച്ച് റോഡരികിലെ ഫൂട്ട്പാത്തിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇതുവഴി വന്ന പ്രഭാവതിയമ്മയുടെ മുൻപിലേക്കാണ് ഇയാൾ സ്‌കൂട്ടറുമായി കയറിയത്. കാൽനടയാത്രികർക്കായുള്ള വഴിയിലൂടെ സ്‌കൂട്ടറുമായി പോകാനുള്ള ഇയാളുടെ ശ്രമം തെല്ലൊരാലോചനക്ക് പോലും ഇട നൽകാതെ പ്രഭാവതിയമ്മ തടയുകയായിരുന്നു. സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും ചെയ്തു.
പിന്നാലെ വീണ്ടും വണ്ടി തടയുന്ന പ്രഭാവതിയമ്മയുടെ വീഡിയോകൾ പുറത്ത് വന്നു. ഇതോടെ പുകഴ്ത്തിയ സോഷ്യൽ മീഡിയ തന്നെ പ്രഭാവതിയമ്മയെ ട്രോളാനും തുടങ്ങി. ഓവർ ആക്കി ചളമാക്കല്ലേ എന്നാണ് പലരും ഫേസ്ബുക്കിൽ കുറിക്കുന്നത്. അനാവശ്യ മോട്ടിവേഷൻ കൊടുത്ത് ഇതൊരു തുടർ എപ്പിസോഡായി കൊണ്ട് പോവാൻ ആ അമ്മൂമ്മയെ അനുവദിക്കരുതെന്നും അഭിപ്രായം പറയുന്നവരുണ്ട്.
അതേസമയം, പ്രഭാവതിയമ്മയുടെ ഇടപെടല്‍ വൈറലായതോടെ കര്‍ശന നടപടിയിലേക്ക് കടക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയും പ്രഖ്യാപിച്ചു. നിയമ ലംഘനം കണ്ടെത്താന്‍ പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇടപെടല്‍ ഫലം കണ്ടെങ്കിലും ഇതൊക്കെ തന്‍റെ ചുമതല മാത്രമെന്ന് ആവര്‍ത്തിക്കുകയാണ് പ്രഭാവതിയമ്മ. ഒറ്റക്ക് താമസിക്കുന്ന എരഞ്ഞിപ്പാലത്തെ വീട്ടിലേക്ക് അഭിന്ദനവുമായി എത്തുന്നവരോടൊക്കെ പ്രഭാവതിയമ്മ പറയുന്നത് ഈ ഒറ്റക്കാര്യം മാത്രമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
