ശരീരഭാരം കുറയ്ക്കാനുള്ള ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെത്തിയ റഷ്യൻ പൗരൻ മരിച്ചു

മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു

author-image
Vineeth Sudhakar
New Update
IMG_2621

തിരുവനന്തപുരം: പുളിങ്കുടിയിലെ ആയുർവേദ കേന്ദ്രത്തിൽ സഹോദരനൊപ്പം ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ചു. മോസ്‌കോയിൽ താമസിക്കുന്ന പോഡ്ഗോർണോവ്(47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജീവനക്കാർ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചിരുന്നു.മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വിഴിഞ്ഞം പോലീസിൽ വിവരമറിയിക്കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. മരിച്ചയാൾ മോസ്‌കോയിൽ ബിസിനസുകാരനാണെന്നും 180 കിലോ ശരീരഭാരമുള്ള ഇദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനാണ് ഫെബ്രുവരി നാലിന് ആയുർവേദ ചികിത്സാകേന്ദ്രത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു.

വിഴിഞ്ഞം എസ്‌ഐ ദിനേശിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മോസ്‌കോയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.