ആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം; ആനയുടെ ചവിട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു

പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷ് (30) ആണ് കൊല്ലപ്പെട്ടത്

author-image
Vineeth Sudhakar
New Update
IMG_2906

കണ്ണൂർ: വന്യജീവി ശല്യം രൂക്ഷമായ കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷ് (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പുറത്തിറങ്ങിയപ്പോൾ ആക്രമണം

പുലർച്ചെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ അനീഷിനെ മുറ്റത്തുണ്ടായിരുന്ന കാട്ടാന പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. നിലത്തുവീണ അനീഷിന്റെ നെഞ്ചിലടക്കം ആന ചവിട്ടി. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം.

ആറളത്ത് ഭീതി ഒഴിഞ്ഞിട്ടില്ല

ആറളം ഫാമിൽ കാട്ടാനയാക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നിരവധി പേർക്കാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കെയാണ് വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.