'ദി കേരള സ്റ്റോറി 2' വിവാദങ്ങൾക്കിടെ സിനിമ കാണുമെന്ന് കുമ്മനം രാജശേഖരൻ

author-image
Vineeth Sudhakar
New Update
IMG_2927

സിനിമ എത്രപേർ കണ്ടു എന്നതിലല്ല, അത് എന്ത് ചർച്ച ചെയ്യുന്നു എന്നതിലാണ് കാര്യമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സിനിമയിൽ പ്രതിപാദിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും ഇതിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പോലും വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദർശനാനുമതി ലഭിച്ചിട്ടും പല പ്രമുഖ തിയറ്ററുകളിലും സിനിമ കാണാൻ ആളുകളെത്തിയില്ല. മിനിമം പ്രേക്ഷകർ പോലും ഇല്ലാത്തതിനെത്തുടർന്ന് പല ഷോകളും റദ്ദാക്കേണ്ടി വന്നു. കേരളത്തിനെതിരെയും ഒരു പ്രത്യേക വിഭാഗത്തിനെതിരെയും വിദ്വേശം പടർത്തുന്ന പ്രൊപ്പഗണ്ട സിനിമയാണിതെന്ന വ്യാപകമായ വിമർശനം ജനങ്ങളെ സിനിമയിൽ നിന്ന് അകറ്റിയതായാണ് വിലയിരുത്തപ്പെടുന്നത്.

സിനിമയുടെ ആദ്യ ഭാഗത്തിനെതിരെ ഉണ്ടായതിന് സമാനമായ വലിയ പ്രതിഷേധങ്ങളാണ് രണ്ടാം ഭാഗത്തിനെതിരെയും ഉയരുന്നത്. വിദ്വേശം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്ഥാനവ്യാപകമായി രംഗത്തിറങ്ങി.

കണ്ണൂർ, കൊച്ചി: ഈ ജില്ലകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും പ്രദർശനത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

സിനിമയുടെ ഉള്ളടക്കം വസ്തുതാവിരുദ്ധമാണെന്നും കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. വിവാദങ്ങൾക്കിടയിലും സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോര് വരും ദിവസങ്ങളിലും ശക്തമാകാനാണ് സാധ്യത.