/kalakaumudi/media/media_files/2026/02/28/img_2929-2026-02-28-21-13-14.webp)
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീം കോടതിയുടെ 'പ്രകാശ് സിങ്' കേസ് വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ 2026 ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന ചന്ദ്രശേഖർ 2027 ജൂൺ 30 വരെ പദവിയിൽ തുടരും. ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയും 1991 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.
പോലീസ് വകുപ്പിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനായി 51 അധിക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്താണ് പുതിയവ സൃഷ്ടിക്കുന്നത്:
• സബ് ഇൻസ്‌പെക്ടർ ഡ്രൈവർ: 4 തസ്തികകൾ
• അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഡ്രൈവർ: 12 തസ്തികകൾ
• ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ: 35 തസ്തികകൾ
പ്രമോഷൻ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാനും ഫീഡർ തസ്തികകളിലെ അപര്യാപ്തത മാറ്റാനുമാണ് ഈ നീക്കം. കൂടാതെ, കണ്ണൂർ റൂറൽ ജില്ലയിൽ പുതിയ ഫിംഗർപ്രിന്റ് ബ്യൂറോ സ്ഥാപിക്കാനും തീരുമാനമായി. ഇതിനായി ഒരു ടെസ്റ്റർ ഇൻസ്‌പെക്ടർ, രണ്ട് ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ട്, ഒരു സെർച്ചർ എന്നിങ്ങനെ നാല് തസ്തികകൾ അനുവദിച്ചു.
ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴിൽ 'സുശക്തി' എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കും. ഇതിനായുള്ള നിയമാവലിക്കും സംഘടനാ പ്രമാണത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
