/kalakaumudi/media/media_files/2026/03/06/img_3142-2026-03-06-15-47-43.jpeg)
കൊച്ചി പനങ്ങാട് ചേപ്പനം സ്വദേശി എൽജിൻ ജൂഡ് (32) ആണ് ഞണ്ടുകറി കഴിച്ചതിനെത്തുടർന്നുണ്ടായ കടുത്ത അലർജി ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ ദാരുണസംഭവം നടന്നത്. തനിക്ക് അലർജിയുണ്ടെന്ന് മുൻപേ അറിഞ്ഞിരുന്നിട്ടും അത് അവഗണിച്ച്, വീട്ടിൽ തയ്യാറാക്കിയ ഞണ്ടുകറി എൽജിൻ കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ കിടക്കാൻ നേരം കഠിനമായ ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ നിന്നുള്ള അലർജിയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
മുൻപും ഞണ്ട് കഴിച്ചപ്പോൾ ഇദ്ദേഹത്തിന് സമാനമായ അലർജി അനുഭവപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഏറെ നാളുകൾക്ക് ശേഷമാണ് എൽജിൻ വീണ്ടും ഞണ്ട് കഴിക്കുന്നത്. വീണ്ടും കഴിച്ചതോടെ ശരീരം തീവ്രമായി പ്രതികരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ നടക്കുകയും ചെയ്തു. പരേതനായ ജൂഡിന്റെയും അന്ന ജൂഡിന്റെയും മകനാണ് എൽജിൻ. നിമ്മിയാണ് ഭാര്യ, സെറാ മകളാണ്.
ഭക്ഷണ അലർജിയുടെ അപകടസാധ്യതയെക്കുറിച്ചുള്ള വലിയ മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. ചെമ്മീൻ, ഞണ്ട്, കണവ, കക്ക തുടങ്ങിയ ഷെൽഫിഷ് വിഭാഗത്തിൽപ്പെട്ട ഭക്ഷണങ്ങൾ പലരിലും അലർജിക്ക് കാരണമാകാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നേരിയ തോതിലായാലും വയറുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ പിന്നീട് അവ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം. വളരെ ഗുരുതരമായ റിയാക്ഷൻ വരെ ചിലപ്പോൾ അനുഭവപ്പെട്ടേക്കാമെന്നും, അതിനാൽ തന്നെ ഇത്തരം അലർജികളോട് അതീവ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
