പ്രതിസന്ധികളെ തോൽപിച്ച് സിവിൽ സർവീസിലേക്ക്; 57-ാം റാങ്കുമായി തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെ വിജയക്കുതിപ്പ്

കൂലിപ്പണിക്കാരനായ ജയകുമാറിന്റെയും എം.എ ബിരുദധാരിയായ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ശ്രീജ സിവിൽ സർവീസ് പരീക്ഷയ്ക്കിറങ്ങിയത്

author-image
Vineeth Sudhakar
New Update
IMG_3165

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ.എസ്. ശ്രീജ. ആദ്യ പരിശ്രമത്തിൽ തന്നെ സിവിൽ സർവീസിൽ ഇടംപിടിച്ച ശ്രീജ 57-ാം റാങ്കോടെ മലയാളികളിൽ ഒന്നാമതായാണ് ഈ നേട്ടം കൈവരിച്ചത്. സാമ്പത്തികമായ പരിമിതികൾക്കിടയിലും മകളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ മാതാപിതാക്കൾ നടത്തിയ പോരാട്ടം കൂടിയാണ് ഈ വിജയത്തിന് പിന്നിൽ.

കൂലിപ്പണിക്കാരനായ ജയകുമാറിന്റെയും എം.എ ബിരുദധാരിയായ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ശ്രീജ സിവിൽ സർവീസ് പരീക്ഷയ്ക്കിറങ്ങിയത്. മകളുടെ പഠനത്തിനായുള്ള പണം കണ്ടെത്താൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മാതാപിതാക്കൾ വലിയ ത്യാഗങ്ങളാണ് സഹിച്ചത്. മകളുടെ പഠനത്തിനായി പലപ്പോഴും ബന്ധുക്കളുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും, കുടുംബശ്രീയിൽ നിന്നുള്ള സഹായവും ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ പണയം വെച്ചുമെല്ലാം പഠനം മുന്നോട്ടുകൊണ്ടുപോയെന്നും പിതാവ് ജയകുമാർ ഓർക്കുന്നു. വലിയ കടബാധ്യതകൾ നിലനിൽക്കുമ്പോഴും മകളുടെ കഠിനാധ്വാനത്തിന് ദൈവം നൽകിയ ഫലമാണിതെന്ന് അമ്മ ഷീജ കുമാരി അഭിമാനത്തോടെ പറയുന്നു.

തന്റെ പഠനത്തിന് വീട്ടുകാർ നൽകിയ പിന്തുണയും പ്രോത്സാഹനവും വലുതാണെന്ന് ശ്രീജ സാക്ഷ്യപ്പെടുത്തുന്നു. "നന്നായി പഠിക്കുക എന്നത് മാത്രമായിരുന്നു എന്റെ കടമ. ലക്ഷ്യത്തോടുള്ള വാശിയും ഊർജ്ജവുമാണ് എന്നെ മുന്നോട്ട് നയിച്ചത്," ശ്രീജ പറഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഹരിത വി. കുമാർ സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ വാർത്തയറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ശ്രീജയുടെ ഈ സ്വപ്നം. അന്ന് ഐ.എ.എസ് എന്ന ലക്ഷ്യമാണ് മനസ്സിൽ കൊണ്ടുനടന്നതെങ്കിലും, കോളേജ് കാലഘട്ടത്തിൽ ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചതോടെ ഡിപ്ലോമസിയിലുള്ള താൽപ്പര്യം വർധിച്ചു. ലഭിച്ച 57-ാം റാങ്ക് വഴി ഐ.ആർ.എസ് (ഇന്ത്യൻ റവന്യൂ സർവീസ്) ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ മിടുക്കി.