ഏഴു ജില്ലകളില്‍ ഇന്ന് നിശബ്ദപ്രചരണം; നാളെ പോളിങ്

ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

author-image
Biju
New Update
vadakku 2

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി ഏഴു ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചരണം.

ഏഴു ജില്ലകളിലെ, 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാര്‍ഡുകളിലേയ്ക്ക് നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ - 7246269, സ്ത്രീകള്‍ - 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ - 161). 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാര്‍ത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും)  മത്സരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്ക്  28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്. രണ്ടാംഘട്ടത്തില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 18274 കണ്‍ട്രോള്‍ യൂണിറ്റും 49019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി വിതരണം ആരംഭിച്ചു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

2026 നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ജനം ആരെ പിന്തുണക്കുമെന്നതില്‍ ആകാംക്ഷയിലാണ് സംസ്ഥാനം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അഞ്ച് മാസത്തിനപ്പുറം നിയമസഭ തിരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിനിത് സെമി ഫൈനല്‍ പോരാട്ടമാണ്. അതുകൊണ്ടുതന്നെ അരയും തലയും മുറുക്കിയാണ് മുന്നണികള്‍ വിജയം പിടിച്ചെടുക്കാന്‍ കളത്തിലിറങ്ങിയിരിക്കുന്നത്.

മൂന്നാം പിണറായി സര്‍ക്കാരിനായി എല്‍ഡിഎഫും, ജനദ്രോഹ സര്‍ക്കാരിനെ മാറ്റാനായി യുഡിഎഫും, പരമാവധി വോട്ടും സീറ്റും നേടി നിര്‍ണായക ശക്തിയാകാനായി ബിജെപിയും തന്ത്രങ്ങളൊരുക്കിയാണ് പോരാട്ടത്തിലേക്കു കടന്നത്. ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിനെതിരെയുള്ള ബ്രഹ്മാസ്ത്രമായി യുഡിഎഫും ബിജെപിയും തിരിച്ചു.

ഇതിനിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ് കൊടുങ്കാറ്റായി മാറിയത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് കോണ്‍ഗ്രസ് ഈ പ്രതിസന്ധിയെ മറികടന്നത്. ആരോപണ-പ്രത്യാരോപണങ്ങളുടെ കൊടുംങ്കാറ്റ് ഉയര്‍ന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര് വാഴുമെന്നറിയാന്‍ 13 വരെ കാത്തിരിക്കണം.