/kalakaumudi/media/media_files/2025/11/20/sree-2-2025-11-20-15-27-55.jpg)
തിരുവനന്തപുരം: കഴിഞ്ഞ 40 വര്‍ഷമായി എല്‍ഡിഎഫിന്റെ കൈവശമുള്ള തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡാണ് ചാക്ക. 2015ല്‍ മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും മത്സരിച്ചു ജയിച്ച് നിയമസഭയിലേക്കെത്തിയപ്പോള്‍ ചാക്ക വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുമാറാണ് പകരക്കാരനായെത്തിയത്.
ചാക്കയില്‍ ആദ്യമായി ഒരു മേയറെ ലഭിച്ചതും അപ്പോഴായിരുന്നു. ഇത്തവണയും വാര്‍ഡ് തങ്ങളോടൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സിപിഎമ്മിലെ ശ്രീകുമാറാണ് ഇത്തവണയും സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. യുഡിഎഫിലെ ജയചന്ദ്രനും എന്‍ഡിഎയിലെ കെ. രാജീവും പ്രചാരണ രംഗത്ത് ശക്തമായുണ്ട്.ഇത്തവണ ചാക്ക വാര്‍ഡില്‍ താമര വിരിയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
എന്നാല്‍ എല്‍ഡിഎഫിനും ബിജെപിക്കും അത്ര ഈസിയല്ല ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എന്തായാലും മണ്ഡലത്തില്‍ ശക്തമായ പോരാണ് ഇത്തവണ നടക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ചാക്കയില്‍ 2020ല്‍ വനിതാ സംവരണമായിരുന്നു. അന്ന് സിപിഎമ്മിലെ എം. ശാന്തയാണ് വിജയിച്ചത്. 1843 വോട്ടുകളാണ് ശാന്തക്ക് ലഭിച്ചത്. തൊട്ടു പിന്നില്‍ ബിജെപി എത്തിയിരുന്നു. എസ്. രാഖിക്ക് 1420 വോട്ടുകളാണ് ബിജെപി നേടിയത്.
അതേസമയം കോണ്‍ഗ്രസാകട്ടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലതയ്ക്ക് വെറും 469 വോട്ടുകളേ നേടാനായുള്ളു. അന്ന് ആ വാര്‍ഡില്‍ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസുകാരുടെ വോട്ടുകള്‍ ബിജെപി പാളയത്തിലേക്കു പോയെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശ വാദം.
ശക്തമായ പോരാട്ടമാകും വാര്‍ഡില്‍ നടക്കുകയെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വാര്‍ഡില്‍ വിജയക്കൊടി കാട്ടുമെന്നും അവര്‍ പറയുന്നു. അതേസമയം ഇടത്, വലത് മുന്നണികള്‍ അഴിമതിക്കാരാണെന്നാണ് ബിജെപിയുടെ ഇത്തവണത്തെ പ്രചരണം. തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടുന്ന വാര്‍ഡാണ് ചാക്ക. വര്‍ഷങ്ങളായി വിമാനത്താവള വികസനത്തിന് തടസം നില്‍ക്കുന്നത് ഇരു മുന്നണികളുമാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.
പലതവണ വസ്തു ഏറ്റെടുത്തു നല്‍കാന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറാകുന്നില്ലെന്നും വികസനമല്ല, കൊള്ളയടിയാണ് അവരുടെ ലക്ഷ്യമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രാജീവ് പറയുന്നു. അതേസമയം കോര്‍പ്പറേഷന്‍ കഴിഞ്ഞതവണ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കെത്തിച്ചാണ് എല്‍ഡിഎഫിന്റെ പ്രചാരണം.
മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും പ്രചാരണമായി നടത്തുന്നുണ്ട്. സിപിഎമ്മിലെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെയാണ് ഇത്തവണ ചാക്കയില്‍ നിര്‍ത്തിയിട്ടുള്ളത്. 2020ല്‍ നല്ല ഭൂരിപക്ഷത്തോടെയാണ് ശ്രീകുമാര്‍ ഇവിടെ വിജയിച്ചത്. ഇതു കണക്കിലെടുത്താണ് ഇത്തവണയും അദ്ദേഹത്തെ തന്നെ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും. സിപിഎം ഏരിയാ സെക്രട്ടറി കൂടിയാണ് ശ്രീകുമാര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
