/kalakaumudi/media/media_files/2025/12/21/ele-5-2025-12-21-08-30-34.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ.
ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടര്‍മാരും മറ്റിടങ്ങളില്‍ അതത് വരണാധികാരികള്‍ക്കുമാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.
നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ്, അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളില്‍ കാലാവധി അവസാനിക്കാത്തതിനാല്‍ ഡിസംബര്‍ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ. മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26-നും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും നടക്കും.
അതേസമയം, കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചിയിലും തിരുവനന്തപുരത്തും മേയര്‍ ആരെന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കൊച്ചിയില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മേയര്‍ സ്ഥാനാര്‍ഥി ആരെന്നതില്‍ കെപിസിസി അന്തിമ തീരുമാനം എടുക്കുമെന്ന് ഡിസിസി അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപിക്കാണ് ഭൂരിപക്ഷം. വിവി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
