തദ്ദേശ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു

കെഎസ് ശബരീനാഥന്‍ അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണഘടനാ പതിപ്പ് കയ്യില്‍ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്

author-image
Biju
New Update
kannur 5

കണ്ണൂര്‍: കണ്ണൂരില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. പയ്യന്നൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദ് തലശ്ശേരി നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ യു പ്രശാന്ത് എന്നിവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നത്. പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞു വധിക്കാന്‍ ശ്രമിച്ച കേസിലാണ് വി കെ നിഷാദ് ശിക്ഷിക്കപ്പെട്ടത്. തലശ്ശേരി കോടിയേരിയില്‍ സിപിഎം പ്രവര്‍ത്തനായ പി രാജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് യു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അടക്കം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. 

എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞ നടക്കുന്നതിനിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ യുഡിഎഫ് 16-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോമി മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ തുടങ്ങിയത്. 

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയര്‍ ആരെന്നതില്‍ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രദര്‍ശനം നടത്തിയശേഷം പാളയത്ത് നിന്ന് ജാഥയായാണ് കോര്‍പ്പറേഷനിലേക്കെത്തിയത്. കെഎസ് ശബരീനാഥന്‍ അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ഭരണഘടനാ പതിപ്പ് കയ്യില്‍ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.


കൊല്ലത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കോര്‍പ്പറേഷനില്‍ നിയുക്ത മേയര്‍ എ.കെ ഹഫീസ് ഉള്‍പ്പടെ യുഡിഎഫിലെ 27 അംഗങ്ങളും എല്‍ഡിഎഫിലെ 16 അംഗങ്ങളും എന്‍ഡിഎയുടെ 12 പേരും ഒരു എസ്ഡിപിഐ അംഗവും ചുമതലയേറ്റു. കോര്‍പ്പറേഷന്‍ രൂപീകരിച്ച് 25 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫ് അല്ലാതെ മറ്റൊരു മുന്നണി ഭരണത്തിലെത്തുന്നത്. ജില്ലാ പഞ്ചായത്തില്‍ ചടയമംഗലം ഡിവിഷനില്‍ നിന്ന് വിജയിച്ച മുന്‍ എംഎല്‍എ ആര്‍. ലതാദേവി അടക്കം 27 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫിന് 17 യുഡിഎഫിന് 10 എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആദ്യ ടേം സിപിഐയ്ക്ക് ആയതിനാല്‍ ആര്‍. ലതാദേവി പ്രസിഡന്റ് ആയേക്കും.

കോഴിക്കോട് ജില്ലയില്‍ 70 ഗ്രാമപഞ്ചായത്തുകളിലെയും 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ഏഴ് നഗരസഭകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ചക്കോരത്തുകുളത്ത് നിന്ന് ജയിച്ച ബിജെപി അംഗം അയ്യപ്പന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പത്തനംതിട്ട പ്രമാടം പഞ്ചായത്തില്‍ ബിജെപി പ്രതിനിധികള്‍ ആയി വിജയിച്ച വി ശങ്കര്‍ അയ്യപ്പനാമത്തിലും, ഭാര്യ അഞ്ജലി ശങ്കര്‍ സംസ്‌കൃതത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.