'മേയര്‍ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കും': ദീപ്തി മേരി വര്‍ഗീസ്

സംഘടനയില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന കെപിസിസി സര്‍ക്കുലര്‍ മറികടക്കാന്‍ കൗണ്‍സിലര്‍മാരുടെ തലയെണ്ണിയുള്ള നീക്കം എ ഐ ഗ്രൂപ്പുകള്‍ ആയുധമാക്കി

author-image
Biju
New Update
deepthi

കൊച്ചി: കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിര്‍ദേശിച്ച മന്ദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ദീപിതി മേരി വര്‍ഗീസ്. തര്‍ക്കം ഉണ്ടെങ്കില്‍ കെപിസിസി നിരീക്ഷകന്‍ എത്തി പ്രശ്‌നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോര്‍ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ വിളിച്ചില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്റിനോട് അറിയിച്ചിട്ടുണ്ടെന്നും രഹസ്യ ബാലറ്റിലൂടെ കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടണമായിരുന്നു, അവസാന നിമിഷം രഹസ്യ ബാലറ്റ് ഒഴിവാക്കിയത് എന്തിനാണ്? കൗണ്‍സിലര്‍മാരുടെ പിന്തുണയില്‍ നിലവില്‍ പുറത്തുവന്ന കണക്ക് വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. പ്രഖ്യാപനത്തിന് മുന്‍പ് ആശയവിനിമയം നടത്തിയില്ല. കൂടുതല്‍ കൂടിയാലോചനകള്‍ ഉണ്ടാകണമായിരുന്നു എന്നും ദീപ്തി പറഞ്ഞു.

കൂടാതെ, ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിച്ചെന്നും ഒരു വിഷമവുമില്ല, പാര്‍ട്ടിക്ക് ഒപ്പം നില്കും. മേയര്‍ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്. ആര്‍ക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ തിരുത്തട്ടെ. എന്നും ദീപ്തി പറഞ്ഞു. എന്നാല്‍ മേയര്‍ സ്ഥാനത്തു നിന്ന് ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയിരിക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍. ഐ ഗ്രൂപ്പിലെ മിനിമോളും എ ഗ്രൂപ്പിലെ ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായി. കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നടപടികളെന്ന പരാതിയാണ് ദീപ്തി അനുകൂലികള്‍ ഉന്നയിക്കുന്നത്. 

കൗണ്‍സിലര്‍മാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടാനുള്ള ഡിസിസി തീരുമാനമാണ് ദീപ്തി മേരി വര്‍ഗീസിന്റെ വഴിയടച്ചത്. രഹസ്യ വോട്ടിംഗ് വേണമെന്ന് ദീപ്തി അനുകൂലികള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. എ ഗ്രൂപ്പ് നേതാവ് ഡൊമിനിക്ക് പ്രസന്റേഷനും ഐ ഗ്രൂപ്പ് നേതാവ് എന്‍.വേണുഗോപാലും പ്രതിപക്ഷ നേതാവിന്റെ വിശ്വസ്തനായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കൗണ്‍സിലര്‍മാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടതോടെ ദീപ്തിയോട് താല്‍പര്യമുണ്ടായിരുന്ന കൗണ്‍സിലര്‍മാര്‍ പോലും ഗ്രൂപ്പ് താല്‍പര്യത്തിലൂന്നി നിലപാട് പറയാന്‍ നിര്‍ബന്ധിതരായി. 20 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെയും 17 പേര്‍ വി കെ മിനിമോളെയും പിന്താങ്ങി. ദീപ്തിക്ക് കിട്ടിയത് 4 പേരുടെ മാത്രം പിന്തുണയാണ്.

സംഘടനയില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന കെപിസിസി സര്‍ക്കുലര്‍ മറികടക്കാന്‍ കൗണ്‍സിലര്‍മാരുടെ തലയെണ്ണിയുള്ള നീക്കം എ ഐ ഗ്രൂപ്പുകള്‍ ആയുധമാക്കി. ഇതോടെ ദീപ്തിയുടെ വഴി അടയുകയായിരുന്നു. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ ഷൈനി മാത്യുവിന് ആണെങ്കിലും ലത്തീന്‍ സഭയുടെ നോമിനിയായ ഷൈനിക്ക് ഇപ്പോള്‍ മേയര്‍ സ്ഥാനം നല്‍കിയാല്‍ സഭയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന വിമര്‍ശനം നേരിടേണ്ടിവരുമെന്ന് കരുതിയാണ് വി കെ മിനിമോള്‍ക്ക് ആദ്യ ടേം നല്‍കാന്‍ തീരുമാനിച്ചത്. മിനിമോള്‍ക്കൊപ്പം എ ഗ്രൂപ്പിലെ യുവ നേതാവ് ദീപക് ജോയി ഡെപ്യൂട്ടി മേയറാകും. രണ്ടര വര്‍ഷത്തിനു ശേഷം ഷൈനി മാത്യു മേയറാകുമ്പോള്‍ ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് കെവിപി കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് എത്തും.

ഐ ഗ്രൂപ്പ് നേതാക്കളായ ഹൈബി ഈഡന്‍, ടി ജെ വിനോദ്, എന്‍ വേണുഗോപാല്‍ , ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ദീപ്തിയുടെ പ്രവര്‍ത്തന ശൈലിയുമായി യോജിക്കാനാവില്ലെന്ന് കട്ടായം പറഞ്ഞതോടെയാണ് ആദ്യം ദീപ്തിയെ പിന്തുണച്ചിരുന്ന പ്രതിപക്ഷ നേതാവും നിലപാട് മാറ്റാന്‍ നിര്‍ബന്ധിതനായതെന്നാണ് വിവരം. പാര്‍ലമെന്ററി പാര്‍ട്ടിയിലെ എണ്ണം ചൂണ്ടിക്കാട്ടി ജില്ലാ നേതാക്കളെടുത്ത തീരുമാനത്തില്‍ കെ പി സി സി ഇടപെടാനുള്ള സാധ്യതയും വിരളം. എന്നാല്‍ ചില നേതാക്കളുടെ വ്യക്തിപരമായ താല്പര്യത്തിന്റെ പേരില്‍ കെപിസിസി മാനദണ്ഡങ്ങള്‍ പോലും ലംഘിച്ചുവെന്ന പരാതിയാണ് ദീപ്തി അനുകൂലികള്‍ക്ക്.