/kalakaumudi/media/media_files/2025/11/21/kanna2-2025-11-21-18-06-03.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ കുത്തക വാര്‍ഡ് എന്നറിയപ്പെടുന്നതാണ് കണ്ണമ്മൂല. ഇടത്, വലത് മുന്നണികളുടെ ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുള്ള വാര്‍ഡാണ് കണ്ണമ്മൂല. എല്‍ഡിഎഫിലെ എന്‍സിപി (ശരത് പവാര്‍ വിഭാഗം), യുഡിഎഫിലെ സിഎംപി (സി.പി. ജോണ്‍) വിഭാഗങ്ങള്‍ക്കാണ് സീറ്റ്.
എന്‍എസ്എസിന് ഏറെ സ്വാധീനമുള്ള വാര്‍ഡ് കൂടിയാണിത്. ചട്ടമ്പി സ്വാമിയുടെ ജന്‍മഗൃഹം സ്ഥിതി ചെയ്യുന്നതും ഈ വാര്‍ഡിലാണ്. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വാര്‍ഡ് സിപിഎം ഏറ്റെടുത്തിരുന്നു.വനിതാ സംവരണമായിരുന്നതിനാല്‍ എന്‍സിപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാലാണ് സിപിഎം മത്സരിച്ചത്. യുഡിഎഫിലെ സിഎംപി തന്നെയാണ് ഇവിടെ മത്സരിച്ചത്. എന്നാല്‍ വിജയം എല്‍ഡിഎഫിനായിരുന്നു.
സിപിഎമ്മിലെ എസ്.എസ്. ശരണ്യ 1420 വോട്ടുകള്‍ നേടി വിജയിച്ചു. സിഎംപിയിലെ സൗമ്യ 1186 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപിയിലെ ജയശ്രീക്ക് 937 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു.
കണ്ണമ്മൂലഏറെ തലവേദനയുണ്ടാക്കിയ വിഷയം മഴക്കാലത്തെ വെള്ളപ്പൊക്കമാണ്. ഓരോ മഴക്കാലത്തും ഓരോ പദ്ധതികള്‍ കൊണ്ടുവരുമെങ്കിലും അതൊന്നും വാര്‍ഡില്‍ ഫലം കണ്ടിട്ടില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു.
എന്നാല്‍ വലിയതുക ചെലവാക്കി കണ്ണമ്മൂല തോട് വൃത്തിയാക്കിയെന്നും മഴ പെയ്താല്‍ ഇരുകരകളിലും താമസിക്കുന്ന വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു.വാര്‍ഡ് തങ്ങള്‍ക്കൊപ്പം തന്നെ ഇത്തവണയും നിലകൊള്ളുമെന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫിനുള്ളത്.
എന്‍സിപിയിലെ സതീഷ് കുമാറിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളതും. എന്‍എസ്എസുമായി ഏറെ അടുപ്പമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. 2015ലെ തിരഞ്ഞെടുപ്പിലും സതീഷ്‌കുമാര്‍ മത്സരിച്ച് വിജയിച്ചിരുന്നു. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തനിക്ക് വോട്ടായി മാറുമെന്ന ആത്മവിശ്വാസം സതീഷിനുണ്ട്.
മാത്രമല്ല താന്‍ കൗണ്‍സിലറായിരുന്ന കാലത്ത് ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ലെന്നും അവരോട് തന്നെക്കുറിച്ച് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലെന്നും അവരുടെ എല്ലാ പ്രശ്‌നങ്ങളും മുന്നില്‍നിന്നുകൊണ്ടു പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇത്തവണ വാര്‍ഡ് തങ്ങള്‍ അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിഎംപി. വര്‍ഷങ്ങളായി വാര്‍ഡില്‍ വിജയിച്ചു പോരുന്ന എല്‍ഡിഎഫ് അമ്പേ പരാജയമാണെന്ന് അവര്‍ ആരോപിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍ കൗണ്‍സിലര്‍മാര്‍ പരാജയപ്പെട്ടു. മാത്രമല്ല വാര്‍ഡിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നില്ല.
ചെറിയൊരു മഴക്കോള്‍ കണ്ടാല്‍ ജനങ്ങള്‍ വാര്‍ഡില്‍ നിന്നും പലായനം ചെയ്യേണ്ട ഗതികേടിലാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സോണി പറയുന്നു.അതേസമയം എന്‍ഡിഎ ആകട്ടെ വി.എസ്. അജിത്തിലൂടെ വാര്‍ഡില്‍ അട്ടിമറി വിജയം നേടാനാണ് ലക്ഷ്യമിടുന്നത്. നാട്ടുകാര്‍ക്ക് സുപരിചിതനാണ് അജിത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടത്, വലത് മുന്നണികള്‍ ഇടപെടാറില്ലെന്നും എന്‍ഡിഎയ്ക്ക് മാത്രമേ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂവെന്നും ഇത്തവണ വാര്‍ഡില്‍ താമര വിരിയിക്കുമെന്നും അജിത് പറയുന്നു. ബിജെപിക്കും വാര്‍ഡില്‍ ശക്തമായ വേരോട്ടമുണ്ട്. ഈ തിരഞ്ഞെടുപ്പ് ഇടതിനും വലതിനും പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
