കടുപ്പമേറി കുന്നുകുഴി; അങ്കത്തട്ടില്‍ മുന്‍കാലവിജയികള്‍

തിരുവനന്തപുരം കോര്‍പ്പറേഷനെ ഏറെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നായിരുന്നു തെരുവുനായശല്യവും മാലിന്യപ്രശ്‌നവും. ഇതിനു കാരണമായി പറഞ്ഞിരുന്നത് അനധികൃത അറവുശാലകളാണെന്നായിരുന്നു

author-image
Biju
New Update
kumnnu

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ വിളിപ്പാടകലെയുള്ള വാര്‍ഡാണ് കുന്നുകുഴി. നിയമസഭ, സംസ്ഥാന വിജിലന്‍സ് ആസ്ഥാനം, തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ്, ബാര്‍ട്ടണ്‍ഹില്‍ കോളേജ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിയമസഭാ സാമാജികര്‍ക്കും പരിശീലനം നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി), വികാസ് ഭവന്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതും കുന്നുകുഴി വാര്‍ഡിലാണ്. 

തിരുവനന്തപുരം കോര്‍പ്പറേഷനെ ഏറെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നായിരുന്നു തെരുവുനായശല്യവും മാലിന്യപ്രശ്‌നവും. ഇതിനു കാരണമായി പറഞ്ഞിരുന്നത് അനധികൃത അറവുശാലകളാണെന്നായിരുന്നു. ഇതിനു പരിഹാരമായി കേന്ദ്രീകൃത അറവുശാല നിര്‍മിച്ചത് കുന്നുകുഴി വാര്‍ഡിലാണ്. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണങ്ങള്‍ക്കൊടുവില്‍ അടുത്തിടെയാണ് ഇത് ഉദ്ഘാടനം ചെയ്തത്. 

ഇടതിനെയും വലതിനെയും ഒരുപോലെ പിന്തുണച്ച വാര്‍ഡാണെങ്കിലും കോണ്‍ഗ്രസിന് ശക്തമായ വേരോട്ടം ഇവിടെയുണ്ട്. കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു വാര്‍ഡ്. കോണ്‍ഗ്രസിലെ മേരി പുഷ്പമായിരുന്നു കൗണ്‍സിലര്‍. അതിനു മുമ്പ് 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും വാര്‍ഡിനെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. വാര്‍ഡ് രൂപീകരണത്തിനു ശേഷം കുന്നുകുഴില്‍ ഒരു ത്രികോണ മത്സരം ഉണ്ടായിട്ടില്ല. 

എന്നാല്‍ ഇത്തവണ ഒരു ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. അതിനു കാരണം സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. ക്രിസ്തീയ വോട്ടുകള്‍ കൂടുതലുള്ള ഒരു വാര്‍ഡ് കൂടിയാണ് കുന്നുകുഴി. അതുകൊണ്ടുതന്നെ ഇവിടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്നണികള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2020ല്‍ വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 1659 വോട്ടുകളാണ് മേരിപുഷ്പം നേടിയത്. ഇവര്‍ക്കെതിരെ ഇടതുപക്ഷത്തെ ശക്തയായ സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിച്ചത്. 

എ.ജി. ഒലീനയായിരുന്നു സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു അവര്‍. എന്നാല്‍ 1190 വോട്ടുകള്‍ മാത്രമേ അവര്‍ക്ക് നേടാനായുള്ളു. ഇത്തവണ യുഡിഎഫിന്റെ കൈയില്‍ നിന്നും വാര്‍ഡ് തിരിച്ചുപിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് സിപിഎം മുന്നോട്ടു പോകുന്നത്. കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് ഇതിനായി വാര്‍ഡില്‍ ഇറക്കിയിട്ടുള്ളതും. യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന്, തലസ്ഥാനത്തെ സമരമുഖങ്ങളില്‍ പ്രധാനപ്പെട്ട ഒരാളായ ഐ.പി. ബിനുവാണ് സിപിഎം സ്ഥാനാര്‍ത്ഥി. 

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഐ.പി. ബിനുവിലൂടെ വാര്‍ഡ് സിപിഎം പിടിച്ചെടുത്തിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ഐ.പി. ബിനു പ്രചാരണം കൊഴുപ്പിക്കുന്നത്. താന്‍ വാര്‍ഡില്‍ കൗണ്‍സിലറായിരുന്ന സമയത്ത് നടന്ന വികസനങ്ങളല്ലാതെ മറ്റൊരു പ്രവര്‍ത്തനങ്ങളും അവിടെ നടന്നിട്ടില്ലെന്നാണ് ബിനുവിന്റെ വാദം. സാധാരണക്കാരെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് തന്റേതെന്നും ബിനു പറയുന്നു.എന്നാല്‍ യുഡിഎഫാകട്ടെ വിജയം ആവര്‍ത്തിക്കാനുള്ള കഠിന ശ്രമത്തിലാണ്. 

കഴിഞ്ഞ തവണ കൗണ്‍സിലറായിരുന്ന മേരി പുഷ്പം തന്നെയാണ് ഇത്തവണയും മത്സര രംഗത്തുള്ളത്. തന്റെ വികസന നേട്ടങ്ങള്‍ വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് മേരിപുഷ്പം. മാത്രമല്ല കോര്‍പ്പറേഷനില്‍ ഒരു ഭരണമാറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിവരുന്നതെന്നും അതിന്റെ ഭാഗമായി തനിക്കും വാര്‍ഡില്‍ വിജയം സുനിശ്ചിതമാണെന്നും അവര്‍ പറഞ്ഞു. അതേസമയം ബിജെപിയാകട്ടെ ഒരു പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്. 

സിപിഎമ്മില്‍ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന എസ്.എസ്. കവിത പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അവരെയാണ് ഇത്തവണ കുന്നുകുഴിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ബാലസംഘം മുതല്‍ പ്രവര്‍ത്തിച്ചുവന്ന കവിത അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നതും. തിരുവനന്തപുരം കോടതിയിലെ അഭിഭാഷക കൂടിയാണ് കാവ്യ. 

ഇടത്, വലത് മുന്നണികള്‍ മാറിമാറി വാര്‍ഡില്‍ വിജയിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ അവര്‍ അമ്പേ പരാജയമെന്നാണ് പ്രചാരണം. മാത്രമല്ല കോര്‍പ്പറേഷനില്‍ അഴിമതി ഭരണമാണെന്നും അതിനു തടയിടാന്‍ എന്‍ഡിഎ വിജയിച്ചേ മതിയാകൂവെന്നും കാവ്യ പറയുന്നു. ബിജെപി ഭരണം കോര്‍പ്പറേഷനില്‍ വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് വാര്‍ഡിലുള്ളതെന്നും മോദി സര്‍ക്കാരിന്റെ വികസനങ്ങള്‍ തലസ്ഥാനത്തും എത്തിക്കണമെന്നതാണ് ജനങ്ങളുടെ ആഗ്രഹമെന്നും കാവ്യ പറയുന്നു.