മെഡിക്കല്‍കോളേജ് നിലനിര്‍ത്താന്‍ സിപിഎം തൂക്കുമെന്ന് പ്രതിപക്ഷം

ഇരു മുന്നണികളെയും ഞെട്ടിച്ച് വാര്‍ഡില്‍ താമര വിരിയിക്കാനുള്ള നീക്കമാണ് എന്‍ഡിഎയ്ക്കുള്ളത്. മുന്‍ കൗണ്‍സിലര്‍ എസ്.എസ്. സിന്ധുവിനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. വനിതാ സംവരണം വാര്‍ഡാണ് മെഡിക്കല്‍കോളേജ്.

author-image
Biju
New Update
med

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഏറെ ആത്മവിശ്വാസമുള്ള വാര്‍ഡാണ് മെഡിക്കല്‍കോളേജ്. സിപിഎമ്മിനെയാണ് വാര്‍ഡ് കൂടുതലായും പിന്തുണച്ചിട്ടുള്ളത് എന്നതാണ് ആത്മവിശ്വാസത്തിന്റെ കാരണം. എന്നാല്‍ വാര്‍ഡ് ഇത്തവണ തങ്ങള്‍ പിടിച്ചടക്കുമെന്ന വാശിയോടെയാണ് യുഡിഎഫ് രംഗത്തുള്ളത്. 

ഇരു മുന്നണികളെയും ഞെട്ടിച്ച് വാര്‍ഡില്‍ താമര വിരിയിക്കാനുള്ള നീക്കമാണ് എന്‍ഡിഎയ്ക്കുള്ളത്. മുന്‍ കൗണ്‍സിലര്‍ എസ്.എസ്. സിന്ധുവിനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. വനിതാ സംവരണം വാര്‍ഡാണ് മെഡിക്കല്‍കോളേജ്. അതുകൊണ്ടുതന്നെ വാര്‍ഡ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സിന്ധുവിന് ഇത്തവണ നറുക്കുവീണത്. 

നേരത്തെ ഡി.ആര്‍. അനിലായിരുന്നു ഇവിടെ കൗണ്‍സിലര്‍. കോണ്‍ഗ്രസാകട്ടെ കന്നിയങ്കക്കാരിയായ വി.എസ്. ആശയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. നിലവില്‍ കോണ്‍ഗ്രസ്സ് മെഡിക്കല്‍കോളേജ് വാര്‍ഡ് വൈസ് പ്രസിഡന്റാണ് ആശ. 

ബിജെപിയാകട്ടെ ദിവ്യ.എസ്. പ്രദീപിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ദിവ്യ നേരത്തെയും ഈ വാര്‍ഡില്‍ മത്സരിച്ചിരുന്നെങ്കിലും സിന്ധുവിനോടു  പരാജയപ്പെട്ടിരുന്നു. കോര്‍പ്പറേഷനില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് യുഡിഎഫും എന്‍ഡിഎയും പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാല്‍ വാര്‍ഡില്‍ ഇത്തവണയും ചെങ്കൊടി തന്നെ പാറുമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. 

ഇതിനായി പിണറായി സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും വികസന നേട്ടങ്ങളാണ് അവര്‍ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തുന്നത്. എന്നാല്‍ വര്‍ഷങ്ങളായി വാര്‍ഡില്‍ വിജയിക്കുന്ന എല്‍ഡിഎഫ് അമ്പേ പരാജയമെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പരാജയമെന്നാണ് ആരോപണം. 

2020ല്‍ മെഡിക്കല്‍കോളേജ് വാര്‍ഡില്‍ ശക്തമായ പോരാട്ടമായിരുന്നു നടന്നത്. സിപിഎമ്മിലെ ഡിആര്‍ അനില്‍, കോണ്‍ഗ്രസിലെ ടി.ആര്‍. രാജേഷ്, ബിജെപിയിലെ ഷിജുലാല്‍ എന്നിവരായിരുന്നു പ്രധാന സ്ഥാനാര്‍ത്ഥികള്‍. ഡി.ആര്‍. അനില്‍ 2658 വോട്ടുകള്‍ നേടി വിജയിച്ചു. രാജേഷിന് 1292ഉം ഷിജുലാലിന് 917ഉം വോട്ടുകളാണ് ലഭിച്ചത്. ഇത്തവണയും ശക്തമായ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കള്‍.