കഴക്കൂട്ടത്തെ ക്ലൈമാക്‌സ് കണ്ടറിയണം

ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കഴക്കൂട്ടം ഒരുങ്ങുന്നത്. നേരത്തെ കഴക്കൂട്ടം പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഈ വാര്‍ഡ്. പിന്നീടാണ് കോര്‍പ്പറേഷനിലേക്ക് കൂട്ടിച്ചേര്‍ത്തത്. വാര്‍ഡിലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്

author-image
Biju
New Update
KAZHAPPU

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു മേയറെ സമ്മാനിച്ച വാര്‍ഡാണ് കഴക്കൂട്ടം. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏറെ പ്രശംസ പിടിച്ചുപറ്റിയ വി.കെ. പ്രശാന്തായിരുന്നു കഴക്കൂട്ടത്തുനിന്നും വിജയിച്ചു വന്ന് മേയറായത്. പിന്നീട് അദ്ദേഹം കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച് എംഎല്‍എ ആയി. 

തുടര്‍ന്നിങ്ങോട്ട് എല്‍ഡിഎഫാണ് വാര്‍ഡില്‍ വിജയിച്ചു പോരുന്നത്. അതേസമയം നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നത് ബിജെപിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ വാര്‍ഡായിരുന്നു കഴക്കൂട്ടം. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തും. ഇത് ഇടതുമുന്നണിക്ക് കടുത്ത പ്രതിരോധമാണ് ഉണ്ടാക്കിയിട്ടുള്ളത്. 

ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കഴക്കൂട്ടം ഒരുങ്ങുന്നത്. നേരത്തെ കഴക്കൂട്ടം പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഈ വാര്‍ഡ്. പിന്നീടാണ് കോര്‍പ്പറേഷനിലേക്ക് കൂട്ടിച്ചേര്‍ത്തത്. വാര്‍ഡിലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. ആ സമയം സമീപ പഞ്ചായത്ത് വാര്‍ഡുകളെല്ലാം തന്നെ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസിന്റെ വിജയം എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ക്ക് വളരെ ഞെട്ടലും ഉണ്ടായിരുന്നു. 

2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്തിലൂടെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. വന്‍ ഭൂരിപക്ഷത്തോടെയാണ് പ്രശാന്ത് വിജയിച്ചത്. ഇത്തവണയും വിജയപ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് കളത്തിലുള്ളത്. എന്നാല്‍ വാര്‍ഡില്‍ ഒരു മാറ്റം കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമം. ഈ രണ്ടു മുന്നണികളെയും ഞെട്ടിക്കുന്ന തരത്തില്‍ വാര്‍ഡില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ പക്ഷം. സിപിഎമ്മിലെ എസ്. പ്രശാന്ത്, ബിജെപിയിലെ കഴക്കൂട്ടം അനില്‍, കോണ്‍ഗ്രസിലെ എം.എസ്. അനില്‍കുമാര്‍ എന്നിവരാണ് ഇവിടെ തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണത്തേതെന്ന് മൂന്നു സ്ഥാനാര്‍ത്ഥികളും പറയുന്നു. 

വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങളിലൂടെ രംഗത്തെത്തിയ എസ്. പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വി.കെ. പ്രശാന്തിന് നല്‍കിയ പിന്തുണ ഇത്തവണയും വാര്‍ഡിലെ ജനങ്ങള്‍ തനിക്കു നല്‍കുമെന്ന് പ്രശാന്ത് പറയുന്നു. എല്‍ഡിഎഫിന് വേരോട്ടമുള്ള വാര്‍ഡാണിത്. കഴിഞ്ഞ പത്തുവര്‍ഷമായി വാര്‍ഡില്‍ വികസനങ്ങള്‍ എത്തിച്ചിട്ടുണ്ട്. അവരുടെ തുടര്‍ വികസനങ്ങള്‍ ഇനിയും ഉണ്ടാകണമെങ്കില്‍ താന്‍ വിജയിച്ച് കൗണ്‍സിലറാകണമെന്ന് പ്രശാന്ത് വ്യക്തമാക്കി. 

അതേസമയം വാര്‍ഡില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി വാര്‍ഡില്‍ കൗണ്‍സിലര്‍ ഇല്ലാത്ത സ്ഥിതിയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കഴക്കൂട്ടം അനില്‍ ആരോപിക്കുന്നു. സിപിഎം നടത്തിയ പിന്‍വാതില്‍ നിയമനത്തില്‍ കഴക്കൂട്ടത്തെ കൗണ്‍സിലര്‍ക്കും ജോലി കൊടുത്തിരുന്നു. ഇതോടെ ഇവിടെ കൗണ്‍സിലര്‍ ഇല്ലാത്ത സ്ഥിതിവിശേഷമായി. മാത്രമല്ല കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ജനങ്ങള്‍ അറിഞ്ഞത് വളരെ വൈകിയാണെന്ന് ബിജു പറയുന്നു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഹരിക്കാന്‍ കൗണ്‍സിലര്‍ എത്തിയിട്ടില്ലെന്നും ഇത്തവണ ഇതെല്ലാം വോട്ടായി ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കഴക്കൂട്ടം അനില്‍. 

എന്നാല്‍ ഇടതിനെയും വലതിനെയും ഒരേപോലെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.എസ്. അനില്‍കുമാറിന്റെ പ്രചാരണം. വി.കെ. പ്രശാന്ത് മത്സരിച്ചു വിജയിച്ച് മേയറായ വാര്‍ഡാണിത്. എന്നാല്‍ എംഎല്‍എ സ്ഥാനം മോഹിച്ച് അദ്ദേഹം വാര്‍ഡിലെ ജനങ്ങളെ ഉപേക്ഷിച്ച് മറ്റൊരു നിയമസഭാ മണ്ഡലത്തിലേക്കു പോയി. പിന്നീടിങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നുംഅതിനാല്‍ തനിക്ക് വാര്‍ഡിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷ അനില്‍കുമാറിനുണ്ട്.