/kalakaumudi/media/media_files/2025/11/24/ldf-2025-11-24-19-34-47.jpg)
കണ്ണൂര്‍: സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കണ്ണൂരില്‍ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 14 പേരും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളാണ്. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ അഞ്ചിടത്താണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ 6 സിപിഎം സ്ഥാനാര്‍ത്ഥികളും മലപ്പട്ടം ഗ്രാമ പഞ്ചായത്തില്‍ മൂന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും എതിരാളികളില്ലാതെ വിജയിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവെച്ച് അഞ്ച് പത്രികകളാണ് ആന്തൂര്‍ നഗരസഭയില്‍വെച്ച് ഇന്ന് പുനഃപരിശോധിച്ചത്. ഇതില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അംഗീകരിച്ചപ്പോള്‍ രണ്ട് രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. ഒരു സ്ഥാനാര്‍ത്ഥി നേരിട്ടെത്തി പത്രിക പിന്‍വലിച്ചു. ഇതോടെ, ആന്തൂര്‍ നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചു.
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളിയില്‍, കോടല്ലൂര്‍ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. തര്‍ക്കമുന്നയിച്ച തളിവയലില്‍, കോള്‍മൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ചു. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് ആരോപിച്ച ഇരുപത്തിയാറാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയും ചെയ്തു. 29 ഡിവിഷനുകളില്‍ ആകെ അഞ്ചിടത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ ധര്‍മ്മശാല ടൗണില്‍ എല്‍ഡിഎഫ് ആഹ്‌ളാദപ്രകടനം നടത്തി.
ഭീഷണിയിലൂടെ ജനാധിപത്യത്തെ സിപിഎം കശാപ്പുചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കണ്ണപുരം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിലെ ടി ഇ മോഹനനും ഒന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ എല്‍ഡിഎഫിലെ ഉഷ മോഹനനും എതിരാളികളില്ലാതായി. ഇവിടെയും തര്‍ക്കത്തെത്തുടര്‍ന്ന് സൂക്ഷ്മ പരിശോധന ഇന്നാണ് നടന്നത്.
വിമത ശല്യത്തില്‍ വലയുകയാണ് തലസ്ഥാനത്ത് ഇടതുവലത് മുന്നണികള്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ചിടങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഭീഷണിയായി വിമതര്‍ തുടരുന്നു. അഞ്ച് വീതം വിമതരാണ് മത്സരരംഗത്തുള്ളത്. മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ കൂട്ടാലുങ്ങല്‍ വാര്‍ഡില്‍ 9 യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ലീഗ് പിന്മാറി. കല്പറ്റയില്‍ വിമതനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയലും പത്രിക പിന്‍വലിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
