/kalakaumudi/media/media_files/2025/02/02/tCxekEicD3s5areamYb9.jpg)
kerala police headquarters
തിരുവനന്തപുരം: അന്വേഷണത്തിന്റെ പേരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി കേരളത്തിലെ കസ്റ്റംസ് മേധാവി.
യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലന്‍സ്- പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയാണെന്നും പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ കത്ത് നല്‍കി.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്‌സില്‍ നടന്ന വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
കഴിഞ്ഞയാഴ്ചയാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അര്‍ധ ഔദ്യോഗിക കത്ത് അയച്ചത്.
എന്നാല്‍ കത്തില്‍ ഇതുവരെയും സംസ്ഥാന പൊലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജനുവരി 18നാണ് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാര്‍ട്ടേഴ്‌സില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ ക്വാര്‍ട്ടേഴ്സ് റെയ്ഡ് ചെയ്തു. ഹരിയാനയില്‍ കൈത്തലിലെ സന്ദീപ് നെയിന്റെ കുടുംബ വീട്ടിലും പരിശോധന നടത്തി.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉദ്യോഗസ്ഥന്റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം കൊണ്ടുപോയിട്ടും തിരിച്ചുനല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.
അതേസമയം, നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിജിലന്‍സ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചാണെന്നും അത് തുടരുമെന്നും വിജിലന്‍സ് വ്യക്തമാക്കി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് ഏതുസ്ഥലത്തും പരിശോധിക്കാമെന്ന് വിജിലന്‍സ് വ്യക്തമാക്കി.